തിരുവനന്തപുരം: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അടിയന്തിര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കലിനുള്ള ഒരുക്കങ്ങള്‍, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, ദേശീയ പാത വികസന പ്രവൃത്തികള്‍ എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള മാറ്റം, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍, പാമ്പുകടി പ്രതിരോധം എന്നിവ യോഗത്തില്‍ വിലയിരുത്തി.
സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാനസൗകര്യ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍വിവിധ വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ തുറക്കലിനുള്ള ഒരുക്കം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരിച്ചു. മെയ് 31 നകം പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പാഠ പുസ്തകം കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂള്‍ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്ന് എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് യോഗത്തില്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടിക്രമവും യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ അനുമതികള്‍ ലഭിച്ചതിന് ശേഷമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സമയപരിധി പരിഗണിച്ച് നിര്‍ബന്ധമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള നിര്‍ദ്ദേശം പൊതുവി ദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.
എല്‍പിജി ഉപയോഗവും പൈപ്പ്ഡ് നാചുറല്‍ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎന്‍ജി ലഭ്യത ഉറപ്പാക്കിയാല്‍ പൊതുജനങ്ങള്‍ മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കു ന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ എല്ലാ പങ്കാളികളെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. പിഎന്‍ജി കമ്പനികള്‍ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണം. അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനുള്ള റോഡ് കട്ടിംഗ് അനുമതി വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
.
സുരക്ഷാ കാര്യങ്ങളില്‍ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. അടുത്ത രണ്ട് ആഴ്ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍മാര്‍ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.
സെന്‍സസ് മുന്നൊരുക്കം സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. സെന്‍സസുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാതല അവലോകന യോഗങ്ങളും ഫീല്‍ഡ് സന്ദര്‍ശനങ്ങളും നടത്തണമെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പാമ്പുകടി പ്രതിരോധവും മുന്നൊരുക്കങ്ങളും സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വിശദീകരിച്ചു. സര്‍പ്പ മൊബൈല്‍ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കണമെന്നും സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുറ്റിച്ചെടികള്‍ നീക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി ജില്ലാ കളക്ടര്‍മാര്‍ ഏകോപനം നടത്തണം. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനല്‍ ബോധവത്കരണ ത്തിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
മണ്‍സൂണ്‍ മുന്നൊരുക്കം സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. മലപ്പുറം മങ്കടയില്‍ ഉണ്ടായ മിന്നലപകടത്തില്‍ നാല് യുവാക്കള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ യോഗം അനുശോചിച്ചു. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് എക്സ്ഗ്രേഷ്യ സഹായം അടിയന്ത രമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ കാര്യങ്ങള്‍ക്കും ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം ഉടന്‍ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ ക്കായി ശമന പദ്ധതികള്‍ തയ്യാറാക്കണം. ഓറഞ്ച് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. മെച്ചപ്പെട്ട ഒഴിപ്പിക്കല്‍ ആസൂത്രണത്തിനായി ഇടുക്കി, വയനാട് ജില്ലകള്‍ക്ക് പുതുക്കിയ അപകടസാധ്യതാ ഭൂപടങ്ങള്‍ കൈമാറിയിട്ടുണ്ട്.
ദേശീയപാത അതോറിറ്റി (ചഒഅക) പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അറിയിച്ചു. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ എന്‍.എച്ച്.എ.ഐയുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും ഏകോപനം ശക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ ഖോബ്രഗഡേ, തദ്ദേശ സ്വയഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, സെന്‍സസ് ഡയറക്ടര്‍ ഡോ. ടി. മിത്ര, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ.പ്രമോദ് ജി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
School opening, monsoon preparations: High-level meeting chaired by Chief Secretary















