വർഗീസ് കോരസൺ
ന്യൂ യോർക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷക്കും സാഹിത്യത്തിനും അർഹമായ പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.
കുമരകത്ത് നടന്ന കേരള കൺവെൻഷനിലെ സാഹിത്യസമ്മേളനങ്ങളും ശ്രദ്ധേയമായിരുന്നു. മലയാള സാഹിത്യരംഗത്തെ പ്രമുഖ എഴുത്തുകാരെ ആദരിക്കുകയും പുരസ്‌കാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്ത ചടങ്ങുകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് സമ്പുഷ്ടമായിരുന്ന ആ സമ്മേളനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. മലയാളികളുടെ ലോകത്തിലെ ഏറ്റവും സമഗ്രവും പഴക്കമേറിയതുമായ സാമൂഹിക സംഘടനകളിലൊന്നായി ഫൊക്കാനയെ അടയാളപ്പെടുത്തുന്നതിലും ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലും ചരിത്രം കുറിക്കുന്ന സാഹിത്യസമ്മേളനമാണ് ഒരുങ്ങുന്നത്. മലയാള ഭാഷക്കും സാഹിത്യത്തിനും നോർത്ത് അമേരിക്കയിൽ ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതിൽ ഫൊക്കാന സ്ഥിരതയാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന വലിയ സാഹിത്യവേദിയായിരിക്കും ഇത്തവണത്തെ സമ്മേളനം. കൺവെൻഷന്റെ പ്രധാന വേദികളിലൊന്നിൽ തന്നെയായിരിക്കും സാഹിത്യസമ്മേളനം നടക്കുക.
കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുക്കും. ശ്രീ. അടൂർ ഗോപാലകൃഷ്ണൻ, കെ. വി. മോഹൻകുമാർ, ജോസ് പനച്ചി, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി .ഡി . രാമകൃഷ്ണൻ തുടങ്ങിയ നിരവധി സാഹിത്യ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി അവാർഡുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ, നോർത്ത് അമേരിക്കൻ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക അംഗീകാരങ്ങൾ നൽകപ്പെടും.
ഇതുവരെ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദർശനവും കൺവെൻഷനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. പുസ്തകചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള സംവാദങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സാഹിത്യസമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി കോരസൺ വർഗീസ് (ചെയർമാൻ), കെ. കെ. ജോൺസൻ (കോ-ചെയർമാൻ), മുരളി ജെ. നായർ (കോ-ചെയർമാൻ), ഗീത ജോർജ് (കോർഡിനേറ്റർ), ബെന്നി നെച്ചൂർ, അബ്ദുൾ പുന്നയൂർക്കുളം, വേണുഗോപാലൻ കൊക്കോടൻ, അഭിലാഷ് തുണ്ടുമണ്ണിൽ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആൻറണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.
സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതുവരെ കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൺവെൻഷൻ വേദിയിലെ മുറികൾ മുഴുവൻ ബുക്ക് ചെയ്തതിനാൽ, കൂടുതൽ താമസസൗകര്യങ്ങൾ സമീപ ഹോട്ടലുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.












