വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ പുതിയ അച്ചുതണ്ട് ഉണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളിലെ പ്രതിനിധികളുമായി ട്രംപ് രഹസ്യ ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേഗത കൂടുന്നതിനിടയിലാണഅ ഈ നിര്‍ണായക നീക്കം. സമാധാന കരാറിനപ്പുറം പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ പൂര്‍ണ്ണമായി മാറ്റിമറിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടച്ചിട്ട മുറികള്‍ക്കുള്ളില്‍ നടന്ന അതീവ രഹസ്യമായ ചര്‍ച്ചകളില്‍, പശ്ചിമേഷ്യയിലെ നിലവിലുള്ള വ്യവസ്ഥിതിയെയും ശക്തികളെയും പുനഃക്രമീകരിക്കാനാണ് ട്രംപ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍, മേഖലയിലെ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്നും യുഎസ് മധ്യസ്ഥതയില്‍ രൂപീകരിച്ച ചരിത്രപരമായ ‘അബ്രഹാം ഉടമ്പടിയില്‍’ പങ്കാളികളാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രംപിന്റെ ഈ അപ്രതീക്ഷിത ആവശ്യം പല അറബ് നേതാക്കളെയും തികച്ചും അതിശയിപ്പിച്ചു.
മേഖലയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന അസ്ഥിരതയ്ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ ചര്‍ച്ചയില്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഖത്തര്‍, പാകിസ്താന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്തു. ഇറാന്‍ യുദ്ധം അവസാനിച്ച ശേഷം, ഇസ്രായേലുമായി ഇതുവരെ ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങള്‍ ആ ദിശയിലേക്ക് നീങ്ങണമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് ഈ നേതാക്കളോട് വ്യക്തമായി പറഞ്ഞു.
പുതിയൊരു പശ്ചിമേഷ്യന്‍ ക്രമം കെട്ടിപ്പടുക്കാനുള്ള ട്രംപിന്റെ ഈ വലിയ നീക്കങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം ഇസ്രായേലിനെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത സൗദി അറേബ്യയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനോട് അനുകൂലമായ ചില സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും, നിലവിലെ ഗാസ യുദ്ധവും ഇറാനുമായുള്ള കടുത്ത സംഘര്‍ഷങ്ങളും അറബ് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജനരോഷവും കാരണം കാര്യങ്ങള്‍ ഇപ്പോള്‍ സങ്കീര്‍ണ്ണമാണ്.
ഇസ്രായേലുമായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കണമെങ്കില്‍, സ്വതന്ത്രമായ ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിനുള്ള വ്യക്തവും ശാശ്വതവുമായ പാത ഉറപ്പുനല്‍കണം എന്ന കര്‍ശന നിലപാടിലാണ് സൗദി അറേബ്യ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ ഈ ആവശ്യത്തെ പൂര്‍ണ്ണമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്.
Trump for a new axis in the Middle East: Trump held secret talks with Arab countries demanding recognition of Israel













