വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കൻ നയതന്ത്ര മര്യാദകൾക്ക് വലിയ മാറ്റസൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയുമായി നേരിട്ട് സംസാരിക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ച വൻ ആയുധ വിൽപന കരാറിന് മുന്നോടിയായി തായ്‌വാൻ പ്രസിഡന്റിനെ ഫോണിൽ വിളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഞാൻ അദ്ദേഹത്തോട് സംസാരിക്കും. ഞാൻ എല്ലാവരോടും സംസാരിക്കാറുണ്ട്,” എന്നായിരുന്നു ട്രംപിന്റെ മറുപടി. മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ പ്രതികരണം.
1979ൽ അമേരിക്ക തായ്‌വാനിൽ നിന്നുള്ള ഔദ്യോഗിക നയതന്ത്ര അംഗീകാരം പിൻവലിച്ച് ചൈനയിലേക്ക് മാറ്റിയതിന് ശേഷം യുഎസ് പ്രസിഡന്റും തായ്‌വാൻ പ്രസിഡന്റും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ പരാമർശം ആഗോള നയതന്ത്ര രംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
തായ്‌വാൻ വിഷയം അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും സ്ഥിതിഗതികൾ പരിഹരിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
തായ്‌വാൻ വിഷയത്തിൽ തെറ്റായ നീക്കങ്ങൾ ഉണ്ടായാൽ സ്ഥിതി “അതിവേഗം അപകടകരമാകും” എന്ന് ഷി ജിൻപിംഗ് ട്രംപിനെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. തായ്‌വാൻ തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്. ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിച്ചും ദ്വീപിനെ ചൈനയുമായി കൂട്ടിച്ചേർക്കുമെന്ന നിലപാടും ബീജിംഗ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്..















