റഷ്യൻ എണ്ണയുടെ ഇളവ് അവസാനിപ്പിച്ച് അമേരിക്ക; കടലിൽ കുടുങ്ങി കോടിക്കണക്കിന് ബാരൽ ഇന്ധനം, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടി

റഷ്യൻ എണ്ണയുടെ ഇളവ് അവസാനിപ്പിച്ച് അമേരിക്ക; കടലിൽ കുടുങ്ങി കോടിക്കണക്കിന് ബാരൽ ഇന്ധനം, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടി

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണയ്‌ക്കെതിരായ താല്‍ക്കാലിക ഉപരോധ ഇളവുകള്‍ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് നടപടി പ്രാബല്യത്തില്‍ വന്നത്. ഇതോടെ കടലില്‍ കപ്പലുകളില്‍ നിലച്ചുകിടക്കുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാര്‍ക്ക് യുഎസ് വിലക്ക് ഏര്‍പ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയില്‍ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും താല്‍ക്കാലികമായി നിയന്ത്രിക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസത്തേക്കുള്ള അടിയന്തര ഇളവ് അനുവദിച്ചിരുന്നത്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ഇന്ധന ഗതാഗതത്തിലെ നിര്‍ണായക പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടപ്പെട്ടിരുന്നു. ഇതോടെ ആഗോള വിപണിയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ആഗോള ഊര്‍ജ്ജ പ്രതിസന്ധി ഒഴിവാക്കുന്നതിനായി കടലില്‍ തടഞ്ഞുകിടന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇളവ് നിലവിലുണ്ടായിരുന്ന കാലത്ത് ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇളവ് അവസാനിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങള്‍ ഇനി പകരം ഇന്ധന സ്രോതസ്സുകള്‍ തേടേണ്ട സാഹചര്യമുണ്ടാകും.

അമേരിക്കയുടെ പുതിയ കര്‍ശന നിലപാടിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിതരണം വീണ്ടും ചുരുങ്ങാനും ഇന്ധനവില വീണ്ടും ഉയരാനുമുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണുള്ളത്. നിലവില്‍ അമേരിക്കയില്‍ പെട്രോള്‍ വില ഗാലനിന് (3.8 ലിറ്റര്‍) ശരാശരി 4.50 ഡോളറിലെത്തിയിട്ടുണ്ട്. പുതിയ ഉപരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായാല്‍ ആഗോള എണ്ണവില സൂചികകള്‍ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍.

Share Email
LATEST excelnclexrn
Top