എ.എസ് ശ്രീകുമാര്‍
വിവാദമായ വിജയ് ചിത്രം ‘ജനനായകന്‍’ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കില്‍പ്പെട്ട് റിലീസാവാതെയിരിക്കുമ്പോള്‍ തമിഴകത്തിന്റെ യഥാര്‍ത്ഥ ജനനായകനായി അദ്ദേഹം അധികാരമേറ്റത് യാദൃശ്ചികമല്ല. മുന്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ രാഷ്ട്രീയ വൈരാഗ്യത്തില്‍ സിനിമയ്ക്ക് വിലക്ക് വന്നെങ്കിലും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയാണ് വിജയ് മുഖ്യമന്ത്രി പദത്തിലെത്തിയത്. സ്റ്റാലിനാകട്ടെ സ്വന്തം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. അതേസമയം, റിലീസ് നീണ്ടുപോയ ‘ജനനായകന്‍’ മെയ് 28-ന് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. തീയേറ്ററില്‍ സിനിമ കളിക്കുമ്പോള്‍ സിനിമയിലെ നായകന്‍ തന്നെ സംസ്ഥാനം ഭരിക്കുന്ന സാഹചര്യം അപൂര്‍വ ചരിത്രമാകുന്നു.
ജനുവരി 9-ന് ആയിരുന്നു ജനനായകന്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടര്‍ന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യല്‍ മീഡിയയില്‍ ലീക്കാവുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 350-380 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇത് തന്റെ വിടവാങ്ങല്‍ ചിത്രമാണെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. കേരളത്തോടൊപ്പം മെയ് 4-ന് ആയിരുന്നു തമിഴ്‌നാട്ടിലും വോട്ടെണ്ണല്‍ നടന്നത്. ആദ്യമെല്ലാം സ്റ്റാലിന്റെ ഡി.എം.കെ ആയിരുന്നു മുന്നലെങ്കിലും അത് അധിക സമയം നീണ്ടും നിന്നില്ല. പിന്നാലെ ടി.വി.കെയുടെ വന്‍ കുതിപ്പായിരുന്നു വോട്ടെണ്ണലില്‍ കണ്ടത്. 234 സീറ്റുകളില്‍ 108 എണ്ണവും വിജയിയുടെ ടി.വി.കെ സ്വന്തമാക്കി ഏറ്റവുംവലിയ ഒറ്റക്കക്ഷി ആവുകയായിരുന്നു.
അങ്ങനെ രാജ്യത്ത് വ്യത്യസ്ത രാഷ്ട്രീയ സംസ്‌കാരമുള്ള തമിഴ്‌നാട്ടില്‍ ഇന്ന് വിജയ് യുഗം പിറന്നു. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത വിജയ് എന്ന ദളപതിക്ക് ഭരണപരിചയമോ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമോ ഇല്ല. എന്നാല്‍ തമിഴ്‌നാട് ഭരിച്ച എം.ജി.ആറിനും ജയലളിതയ്ക്കും രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തുണ്ടായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സിനിമയുടെ സ്വാധീനം ശക്തമായത് സി.എന്‍ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും കാലത്താണ്. മികച്ച വാഗ്മിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനും തമിഴ് ജനതയുടെ സാംസ്‌കാരിക നേതാവുമായിരുന്നു. 1969-ല്‍ അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്ത കരുണാനിധി അഞ്ചു തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. ഇരുവരും തങ്ങളുടെ തിരക്കഥകളിലൂടെ നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം പ്രചരിപ്പിച്ചു.
എം.ജി.ആറും ജയലളിതയും ആ സിനിമകളില്‍ അഭിനയിച്ച് തമിഴ് മക്കളുടെ ഹൃദയത്തില്‍ ചേക്കേറി. ഡി.എം.കെയില്‍ അംഗമായ എം.ജി.ആറിന്റെ രാഷ്ട്രീയ വളര്‍ച്ച ക്ഷിപ്രവേഗത്തിലായിരുന്നു. സിനിമാതാരം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ഉപയോഗിച്ച് ഒരു വലിയ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുത്തു. 1972-ല്‍, അണ്ണാദുരൈയുടെ മരണത്തിന് മൂന്നു വര്‍ഷത്തിനുശേഷം, അദ്ദേഹം എം കരുണനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെയില്‍ നിന്ന് പുറത്തുപോയി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം, 1977-ലെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം വിജയത്തിലേക്ക് നയിച്ചു. അങ്ങനെ ഇന്ത്യയില്‍ മുഖ്യമന്ത്രിയായ ആദ്യത്തെ ചലച്ചിത്ര നടനായി എം.ജി രാമചന്ദ്രന്‍.
എം.ജി.രാമചന്ദ്രനോടൊപ്പം സനിമാ ജീവിതം തുടങ്ങിയ ജയലളിത എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്. എം.ജി.ആര്‍ അസുഖം മൂലം അമേരിക്കയില്‍ ചികിത്സ തേടിയപ്പോഴാണ് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എം.ജി.ആര്‍ നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവര്‍ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. 1991-ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി. എന്നാല്‍ ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഹരീ ശ്രീ കുറിക്കാതെയാണ് വിജയ് തമിഴ്‌നാടിന്റെ ഭരണം ചുമലിലേറ്റിയിരിക്കുന്നത്.
തമിഴ്‌നാട് രാഷ്ട്രീയം ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തവും ശ്രദ്ധേയവുമായി കണക്കാക്കപ്പെടുന്ന രാഷ്ട്രീയ സംസ്‌കാരങ്ങളിലൊന്നാണ്. സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി ഇവിടെ ശക്തമായി നിലനില്‍ക്കുന്നു. വെള്ളിത്തിരയിലെ നായകരെ ജനങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലെ രക്ഷകരായി കാണുന്ന സാമൂഹിക മനോഭാവമാണ് തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളെ ഭരണകര്‍ത്താക്കളാക്കി മാറ്റുന്നത്. എം.ജി.ആറിനെയും ജയലളിതയെയും പോലെ വിജയ് വന്നതും ഇതേ വഴിയിലൂടെത്തന്നെ. യുവജനങ്ങളില്‍ വലിയ സ്വാധീനമുള്ള വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയിലൂടെ സാമൂഹിക നീതി, അഴിമതി വിരുദ്ധ നിലപാട്, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. തന്റെ സിനിമകളില്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നതിലൂടെ ലഭിച്ച വലിയ ആരാധക പിന്തുണ രാഷ്ട്രീയ പ്രവേശനത്തിന് ശക്തി നല്‍കി. അതി മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ”ഞാന്‍, സി ജോസഫ് വിജയ്…” എന്ന് ഏറ്റുപറഞ്ഞതോടെ കരഘോഷം ഉച്ചസ്ഥായിയിലായി. കുടുംബാംഗങ്ങള്‍, അടുത്ത സുഹൃത്ത് തൃഷ, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ എന്നിവരെ സാക്ഷിയാക്കിയാണ് തമിഴകത്ത് വിജയ് പുതുയുഗത്തിന് തുടക്കമിട്ടത്. വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, വികാരഭരിതരായ മാതാപിതാക്കള്‍ സദസ്സില്‍ നിന്ന്, മകന്‍ രാഷ്ട്രീയ ചരിത്രം രചിക്കുന്നത് വീക്ഷിച്ചു. ആയിരക്കണക്കിന് അനുയായികള്‍ വേദിക്ക് പുറത്ത് ടി.വി.കെ പതാകകള്‍ വീശുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോള്‍, സ്‌ക്രീനിലെ പഞ്ച് ഡയലോഗുകള്‍ക്ക് പേരുകേട്ട വിജയ് എന്ന സി ജോസഫ് വിജയ് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം തമിഴ്‌നാട്ടിലെ ആദ്യത്തെ ദ്രാവിഡേതര മുഖ്യമന്ത്രിയായായി.
തിരഞ്ഞെടുപ്പില്‍ ടി.വി.കെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നെങ്കിലും, 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവ് മാത്രമാണുണ്ടായത്. കോണ്‍ഗ്രസ് പിന്തുണ നല്‍കാന്‍ തിടുക്കം കാട്ടിയെങ്കിലും മറ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവരാന്‍ സമയമെടുത്തു. ഇടതുപക്ഷ പാര്‍ട്ടികളും വി.സി.കെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും നിരുപാധിക പിന്തുണ നല്‍കിയതിനു ശേഷമാണ് വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറില്‍ നിന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള ക്ഷണം നേടാനും കഴിഞ്ഞത്. സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയായതോടെ, ഇനി ശ്രദ്ധ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കണം. ആ ഭരണഘടനാ ആവശ്യകത നിറവേറ്റിയാലേ ദളപതി ഭരണം പൂര്‍ണതയിലെത്തുകയുള്ളൂ.
Vijay, has scripted a remarkable democratic journey from the world of cinema to the service of the people.















