ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഫോമയുടെ ഒന്‍പതാമത് ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന് ഐഎഎച്ച് എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി.
ഒ.ഐ.സി.സി മുന്‍ ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, കണ്‍വെന്‍ഷന്‍ സംഘാടക സമിതി അംഗവും ഐഓസി നാഷണല്‍ വൈസ്പ്രസിഡന്റുമായ തോമസ് ഒലിയാംകുന്നേല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ സെക്രട്ടറി അനില്‍ ആറന്മുള എന്നിവര്‍ ചേര്‍ന്നാണ് എം.എല്‍.എയെ സ്വീകരിച്ചത്.

തൃത്താല എം.എല്‍.എ വി.ടി. ബലറാം പൊതുജീവിതത്തില്‍ സജീവ സാന്നിധ്യമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ യുവ നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്നു. നിയമസഭയില്‍ വികസനം, വിദ്യാഭ്യാസം, ഭരണസുതാര്യത, സാമൂഹിക വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം സ്ഥിരമായി ഉന്നയിച്ചുവരുന്നു. പൊതുപ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകളും സാമൂഹിക മാധ്യമങ്ങളിലെ സജീവ ഇടപെടലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ നിന്ന് വീണ്ടും വിജയിച്ച് മൂന്നാം തവണ കേരള നിയമസഭയിലെത്തി.
കണ്‍വെന്‍ഷനിലെ ശ്രദ്ധേയമായ സാന്നിധ്യമായിരിക്കും ബല്‍റാം. ശനിയാഴ്ച രാവിലെ 11 നു നടക്കുന്ന ഫോമാ ക്രോസ് ഫയര്‍ ടോക്ക് ഷോയില്‍ എം.എല്‍.എയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. എം.എല്‍.എയെ സ്‌നേഹപൂര്‍വം കോണ്‍വെഷനിലേക്കു സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.
Warm Welcome to V.T. Balram MLA on His Arrival to Attend the FOMAA Convention

















