കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നൂറു കണക്കിന് നായകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. 117 നായകളെ ഇത്തരത്തില്‍ ചത്ത നിലയില്‍ കണ്ടതായി അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയ പല നായകളുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഹംബോള്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് വെള്ളിയാഴ്ച അറിയിച്ചതനുസരിച്ച്, ഫോര്‍ച്യൂണ നഗരത്തിലെ 50 ഏക്കര്‍ വിസ്തൃതിയുള്ള മിറാന്‍ഡാസ് റെസ്‌ക്യൂ ആനിമല്‍ സാങ്ച്വറിയില്‍ നടത്തിയ പരിശോധനയില്‍ 21 നായകളുടെ തലയോട്ടികളും, നൂറുകണക്കിന് അസ്ഥികളും മറ്റ് ജന്തുഅവശിഷ്ടങ്ങളും കണ്ടെത്തി.അത്യന്തം ഭീകരമായ കാഴ്ച’യാണെന്ന് ഷെരീഫ് വില്യം ഹോണ്‍സല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല.. സംഭവത്തെക്കുറിച്ച് പ്രതികരണം തേടി മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകയായ ഷാനണ്‍ മിറാന്‍ഡയ്ക്ക് സന്ദേശം നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
എന്നാല്‍ ജൂണ്‍ 18-ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, സമീപകാല മാധ്യമ റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ അപൂര്‍ണവും ചിലപ്പോള്‍ തെറ്റായ രീതിയിലും അവതരിപ്പിച്ചുവെന്ന് ഷാനണ്‍ മിറാന്‍ഡ ആരോപിച്ചു.മിറാന്‍ഡാസ് റെസ്‌ക്യൂവിന്റെ ദൗത്യം സുരക്ഷിതമായി കഴിയുന്നത്ര മൃഗങ്ങളെ രക്ഷിക്കുകയാണ്. അതോടൊപ്പം കുടുംബങ്ങളുടെയും കുട്ടികളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്,’ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ കേന്ദ്രത്തില്‍ ഏപ്രിലില്‍ മൃഗപീഡനം, ക്രൂരത, തട്ടിപ്പ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
മിറാന്‍ഡാസ് റെസ്‌ക്യൂവിന് വിവിധ മൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് നായകളെ ഏറ്റെടുക്കുന്നതിനുള്ള ഫീസും പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളുമാണ് പ്രധാന വരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. ഈ തുക ഭക്ഷണം, പാര്‍പ്പിടം, വെറ്ററിനറി ചികിത്സ, മരുന്നുകള്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവുകള്‍, ജീവനക്കാരുടെ വേതനം എന്നിവയ്ക്കാണ് ഉപയോഗിക്കുന്നതെന്നും സ്ഥാപനം അവകാശപ്പെടുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍, മൃഗസംരക്ഷണ പ്രവര്‍ത്തകരായ രണ്ട് പേരാണ് ആദ്യം ഷെരീഫ് ഓഫീസിന് വിവരം നല്‍കിയതെന്ന് പറയുന്നു. ഇവരില്‍ ഒരാളുടെ സ്ഥലം മൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ളതായിരുന്നു. സംശയിക്കുന്ന ശവക്കുഴിക്ക് സമീപമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇവര്‍ ട്രെയില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
പിന്നീട് ഇവര്‍ മൃഗസംരക്ഷണ കേന്ദ്രത്തിനുള്ളില്‍ കടന്ന് കുഴിച്ചുനോക്കിയപ്പോള്‍ നായകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, അഴുകിയ നിലയിലുള്ള 117 നായകളുടെ മൃതദേഹങ്ങള്‍ തുറന്ന സ്ഥലത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.
ഇവയില്‍ 70 മൃതദേഹങ്ങള്‍ എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പലതിലും വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നിരവധി നായകളുടെ മരണകാരണം വെടിയേറ്റതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി ഷെരീഫ് ഓഫീസ് അറിയിച്ചു.
117 dogs found murdered at California’s No Kill Animal Shelter
















