ടെഹ്റാൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ 24 കപ്പലുകൾ കടന്നുപോയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം നടത്തിയതിനെത്തുടർന്ന് ഈ കടൽപ്പാത ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ ഐആർജിസി നേവിയുടെ പ്രത്യേക അനുമതിയും ഏകോപനവും സുരക്ഷാ പിന്തുണയും ഉറപ്പാക്കിയ ശേഷമാണ് ഈ രണ്ട് ഡസനോളം കപ്പലുകൾക്ക് യാത്രാ അനുമതി നൽകിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം ഇന്ന് റിപ്പോർട്ട് ചെയ്തു.
കപ്പലുകളുടെ ഗതാഗതം നിരീക്ഷിക്കുന്ന പ്രമുഖ ഏജൻസിയായ ‘മറൈൻ ട്രാഫിക്കിന്റെ’ വിവരങ്ങൾ പ്രകാരം നിലവിൽ ഒട്ടനവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ കുറസോവോ പതാക ഘടിപ്പിച്ച ‘ലുമിന ഓഷ്യൻ’ എന്ന കപ്പൽ കഴിഞ്ഞ ദിവസം വിജയകരമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നതായി ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിന് കാരണമായ ഈ ജലപാതയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തുന്നതിന്റെ ആദ്യപടിയായാണ് ഈ കപ്പൽ ഗതാഗത അനുമതി വിലയിരുത്തപ്പെടുന്നത്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു ധാരണാപത്രത്തിലേക്ക് എത്തുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പുകൂടിയാണിത്.















