ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ ‘സിങ്കപ്പെൺ’ പ്രത്യേക ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സേനയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത മുഖ്യമന്ത്രി, ദൗത്യസേനയ്ക്കായി സജ്ജീകരിച്ച പ്രത്യേക വാഹനങ്ങൾ സ്വയം ഓടിച്ചു നോക്കിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് ഈ പ്രത്യേക സേന രൂപീകരിച്ചിട്ടുള്ളതെന്നും, ഇതിലേക്ക് ഉടൻ തന്നെ 2500 വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മുഖ്യമന്ത്രി വിജയ് അറിയിച്ചു. മുൻ ഡി.എം.കെ സർക്കാർ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടതാണ് തമിഴ്‌നാട്ടിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായതെന്നും അദ്ദേഹം ചടങ്ങിൽ കടുത്ത ഭാഷയിൽ വിമർശിച്ചു.
താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ തമിഴ്‌നാട്ടിലെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അമ്മ, വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.















