തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും പാർട്ടിക്ക് സംഭവിച്ച വീഴ്ചകളും എണ്ണിയെണ്ണി വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രണ്ടു ദിവസത്തെ പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, സംസ്ഥാന വ്യാപകമായി പാർട്ടിയുടെ സംഘടനാ സംവിധാനം പരാജയപ്പെട്ടതായി തുറന്നുസമ്മതിച്ചു. എന്നാൽ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് സംഘടനാപരമായ ദൗർബല്യങ്ങളാണെന്നുമാണ് സി.പി.എം. സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. സംസ്ഥാന നേതൃത്വത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചു.
ഭരണകാലത്തെ ചില വിവാദ വിഷയങ്ങളിൽ തെറ്റുപറ്റിയതായി പാർട്ടി സ്വയംവിമർശനത്തോടെ സമ്മതിച്ചു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളെ വേണ്ടവിധം പ്രതിരോധിച്ചില്ലെന്ന സംശയം ജനങ്ങളിലുണ്ടായെന്നും അത് ദൂരീകരിക്കാൻ കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായെന്നും ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽപ്പെട്ട എ. പദ്മകുമാറിനെതിരെ യഥാസമയം നടപടിയെടുക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു. തളിപ്പറമ്പിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയായതിന്റെ പഴി കണ്ണൂർ ജില്ലാ ഘടകത്തിന്റെ തലയിലാണ് സംസ്ഥാന സെക്രട്ടറി ചാരിയത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ യു.ഡി.എഫ്. – ബി.ജെ.പി. വോട്ട് കച്ചവടമുണ്ടെന്ന ഗുരുതര ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. സംസ്ഥാനത്തെ മുപ്പതോളം മണ്ഡലങ്ങളിൽ യു.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചതായും തിരിച്ചും വോട്ട് കൈമാറ്റം നടന്നതായും സി.പി.എം. ആരോപിക്കുന്നു. എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നില്ല എന്ന തരത്തിൽ ഉയർന്ന ചോദ്യങ്ങൾ പോലും ഈ ഡീലിന്റെ ഭാഗമായി ഉയർന്നതാണ്. കേരളത്തിൽ മൂന്നിടത്ത് ബി.ജെ.പി. വിജയിച്ചത് അതീവ ഗൗരവതരമാണെന്നും ബി.ജെ.പി. ജയിച്ച മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാനോ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനോ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വലിയ വീഴ്ചയും സെക്രട്ടറി സമ്മതിച്ചു. എസ്.ഐ.ആർ. ഭീതി യു.ഡി.എഫ്. രാഷ്ട്രീയമായി ഉപയോഗിച്ചെന്നും മുസ്ലീം ലീഗ് മതത്തെ കൂട്ടുപിടിച്ച് വർഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും സി.പി.എം. കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ നേരിട്ടത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണെന്നും ഇങ്ങനെയൊരു പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്കായില്ലെന്നും എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞു. ആഗോളതലത്തിൽ നിലനിൽക്കുന്ന വലതുപക്ഷവൽക്കരണം കേരളത്തിന്റെ ചിന്താമണ്ഡലത്തെയും സ്വാധീനിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയോടെ ജനാധിപത്യ ശൈലിയിലുള്ള തിരുത്തൽ നടപടികൾക്ക് പാർട്ടി തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ 40,000 പാർട്ടി ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിപുലമായ സംസ്ഥാന സമിതി യോഗം ചേരും. പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും പോംവഴികളും പങ്കുവെക്കാനായി ‘പുതുവഴികൾ’ എന്ന പേരിൽ മെയിൽ ഐഡിയും വാട്സാപ്പ് നമ്പറും വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 7994777168 എന്ന വാട്സാപ്പ് നമ്പറിലൂടെയോ puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ തങ്ങളുടെ നിർദ്ദേശങ്ങൾ പാർട്ടിയെ അറിയിക്കാവുന്നതാണ്.
യു.ഡി.എഫ്. സർക്കാരിനെതിരെയും വാർത്താസമ്മേളനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കടുത്ത വിമർശനം ഉന്നയിച്ചു. ബന്ധുക്കളെയും സ്വന്തക്കാരെയും യു.ഡി.എഫ്. തസ്തികകളിൽ നിയമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ബന്ധുവിന്റെയല്ല, മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും ഇത് വ്യക്തമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സസ്പെൻഷനിലായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങൾ നടക്കുന്നത് സംഘപരിവാർ താൽപര്യപ്രകാരമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കാവിവൽക്കരണത്തിനെതിരെ ഒരു നിലപാടും യു.ഡി.എഫ്. സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













