കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പുമായി കുവൈറ്റിലെ യുഎസ് എംബസി. മേഖലയിലുണ്ടായേക്കാവുന്ന അപ്രതീക്ഷിത സൈനിക നീക്കങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് കടുത്ത ജാഗ്രത പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ജൂലൈ 17-ന് സമാനമായ സുരക്ഷാ മുന്നറിയിപ്പ് നൽകി ഒരാഴ്ച തികയും മുൻപാണ് അമേരിക്കൻ എംബസി വീണ്ടും പൗരന്മാരെ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മേഖലയിലെ നിലവിലെ സാഹചര്യം കാരണം വിമാന സർവീസുകൾ റദ്ദാക്കാനോ വൈകാനോ സാധ്യതയുണ്ടെന്നും വ്യോമപാതകൾ താൽക്കാലികമായി അടച്ചിടാൻ സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പ് നൽകി. പല വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കുകയോ പുനരാരംഭിക്കുന്നത് നീട്ടിവെക്കുകയോ ചെയ്ത സാഹചര്യത്തിൽ യാത്രക്കാർ വിമാനക്കമ്പനികളുമായോ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വിവരങ്ങൾ ഉറപ്പുവരുത്തണം. കൂടാതെ, നിലവിലെ സാഹചര്യത്തിൽ പശ്ചിമേഷ്യയിലേക്കുള്ള യാത്രകളും മേഖല വഴിയുള്ള ട്രാൻസിറ്റ് യാത്രകളും ഒഴിവാക്കാൻ എംബസി തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഇറാനും ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളും അമേരിക്കൻ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ സന്ദേശത്തിൽ പറയുന്നു. മുൻകാലങ്ങളിലും വിദേശ രാജ്യങ്ങളിലെ യു.എസ് നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയ എംബസി, അമേരിക്കൻ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയും സുരക്ഷാ ഭീഷണിയുണ്ടെന്ന് പൗരന്മാരെ ഓർമ്മിപ്പിച്ചു.
















