pulimoottil

‘ഇൻവോയ്സ് പോലും നൽകാതെ 10 മാസത്തിനിടെ 45 ലക്ഷം വീണക്ക് കൈമാറി’; കർത്തയുടെ മൊഴി പിണറായിക്കും കുരുക്ക്, ചോദ്യം ചെയ്യാനെത്തുമോ ഇഡി?

‘ഇൻവോയ്സ് പോലും നൽകാതെ 10 മാസത്തിനിടെ 45 ലക്ഷം വീണക്ക്  കൈമാറി’; കർത്തയുടെ മൊഴി പിണറായിക്കും കുരുക്ക്, ചോദ്യം ചെയ്യാനെത്തുമോ ഇഡി?

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻ തീരുമാനമെടുത്തേക്കും. കമ്പനി ഉടമ ശശിധരൻ കർത്ത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്. പിണറായിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും ഇതിന് പ്രത്യുപകാരമായി യാതൊരുവിധ സേവനങ്ങളും ലഭിച്ചിട്ടില്ലെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇത് കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു.

യാതൊരുവിധ ഇൻവോയ്സുകളും നൽകാതെ 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസത്തിനിടെ 45 ലക്ഷം രൂപ വീണയ്ക്ക് കൈമാറിയ നടപടി അതീവ ഗൗരവത്തോടെയാണ് ഇ.ഡി വീക്ഷിക്കുന്നത്. തുടക്കത്തിൽ സേവനം നൽകിയതായി വീണ അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് അങ്ങനെയൊന്നും നൽകിയിട്ടില്ലെന്ന് ഇ.ഡിക്ക് മുന്നിൽ സമ്മതിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് സി.എം.ആർ.എലിന് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നും, അതിന്റെ പ്രത്യുപകാരമായിട്ടാണോ ഈ പണമിടപാടുകൾ നടന്നതെന്നും അന്വേഷണസംഘം കേന്ദ്രീകരിച്ച് പരിശോധിച്ച് വരികയാണ്.

വീണ ഡയറക്ടറായ എക്സാലോജിക് കമ്പനി പ്രവർത്തിച്ചിരുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 66 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കമ്പനിയുടെ വിറ്റുവരവ് അഞ്ചു ലക്ഷം മാത്രമായിരുന്നു. ഐ.ടി കൺസൾട്ടൻസി എന്ന വ്യാജേന മാസം മൂന്ന് ലക്ഷം രൂപ വീതവും, കൺസൾട്ടന്റായി നിയമിച്ചെന്ന പേരിൽ വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ വീതവും സി.എം.ആർ.എൽ നൽകിയിരുന്നു. കൂടാതെ, വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ 15 ലക്ഷത്തോളം രൂപ ഇ.ഡി മരവിപ്പിക്കുകയും പരിശോധനയിൽ വീണയുടെ ഫോണും ഡയറിയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ ബില്ലുകൾ നിർമ്മിച്ച് പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം വീണ്ടും കറൻസിയായി കമ്പനിയിലേക്ക് തിരിച്ചെത്തിക്കുന്ന ‘സർക്കുലർ ഫണ്ടിങ്’ രീതിയാണ് സി.എം.ആർ.എൽ നടപ്പിലാക്കിയിരുന്നതെന്നും ഇ.ഡി കണ്ടെത്തി. ചെളിനീക്കത്തിന്റെ പേരിലും മറ്റും 139 കോടിയുടെ വ്യാജ ചെലവുകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കർത്തയും ബന്ധുക്കളും ചേർന്ന് വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സി.എം.ആർ.എലിൽ നിന്ന് ലഭിച്ച പണം എക്സാലോജിക് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top