Caritas hospital

മിഡില്‍ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

മിഡില്‍ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിധ്യം വീണ്ടും ശക്തമാക്കി അമേരിക്ക. യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് വിമാനവാഹിനിക്കപ്പലും സ്‌ട്രൈക്ക് ഗ്രൂപ്പും ഉള്‍പ്പെടെ 10,000 വരെ അധിക സൈനികരെയാണ് മേഖലയിലേക്ക് അയയ്ക്കുന്നത്. അടുത്ത മാസം മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നീക്കം.

യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റും സൈനിക സംഘവും നവംബര്‍ അവസാനത്തോടെ മിഡില്‍ ഈസ്റ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ വിന്യാസത്തോടെ മേഖലയിലെ അമേരിക്കന്‍ നാവിക സാന്നിധ്യം 20,000 ലധികമായി ഉയരും.

അതേസമയം, ഇറാന്‍ മുന്നോട്ടുവച്ച സമാധാന നിര്‍ദേശം ട്രംപ് തള്ളി. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇറാന്‍ നിര്‍ദേശം അവതരിപ്പിച്ചിരുന്നു. ഖത്തര്‍ മധ്യസ്ഥരിലൂടെയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുന്നതിനുള്ള കരാറാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് ആരോപിച്ചു.

ഇതിനിടെ, ഇസ്രയേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇറാന് പങ്കുണ്ടാകാമെന്നും ട്രംപ് സൂചിപ്പിച്ചു. സംഭവത്തില്‍ ഇറാനുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാവാം എന്നാണ് തോന്നുന്നതെന്നും അന്വേഷണം തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിന് ഇറാന്‍ ഉത്തരവാദിയാണെന്ന് തെളിഞ്ഞാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്‌ലൈദുബായ് വിമാനത്തിലെ സംഭവത്തില്‍ ഇറാന്റെ പങ്കാളിത്തം തെളിയിക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നേരിട്ട് ഇടപെട്ടിട്ടുണ്ടോയെന്നും മറ്റേതെങ്കിലും രീതിയില്‍ പ്രതി തീവ്രവാദ ആശയങ്ങളിലേക്ക് എത്തിച്ചേര്‍ന്നതാണോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണ്. അതിനാല്‍ ഇറാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശം നിലവില്‍ സ്ഥിരീകരിക്കാത്ത ആരോപണമായാണ് കാണുന്നത്.

Third aircraft carrier and 10,000 troops to the Middle East; Trump’s warning to Iran.

Share Email
LATEST excelnclexrn
Top