റിയാദ്: ഇസ്രയേലിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റില്‍ ആക്രമണം നടത്തുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെക്കുറിച്ച് നേരത്തെ തന്നെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നതായി അധികൃതര്‍. ഒമാന്‍ സ്വദേശിയായ 29കാരന്‍ ഹമാം അല്‍ ഹമ്മാമിയുടെ കൈവശം 2024ല്‍ ഒമാന്‍ എയറില്‍ സഹ പൈലറ്റ് പരിശീലനത്തിലിരിക്കെതീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. തുടര്‍ന്ന് അദ്ദേഹത്തെ വിമാന സര്‍വീസില്‍ നിന്ന് മാറ്റി ഭരണപരമായ ജോലിയിലേക്ക് നിയോഗിച്ചെങ്കിലും പിന്നീട് ഫ്‌ലൈദുബായിയില്‍ വീണ്ടും എങ്ങനെ വിമാനമോടിക്കാന്‍ അനുമതി ലഭിച്ചുവെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ബുധനാഴ്ച ഇസ്രയേലിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ അല്‍ ഹമ്മാമി ആക്രമിക്കുകയും വിമാനം അതിവേഗം താഴേക്ക് തിരിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ തിരിച്ചടിച്ചതിനൊപ്പം യാത്രക്കാരും ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. യാത്രക്കാരനായ യാനിവ് ഹയൂണ്‍ വിമാനത്തിന്റെ നിയന്ത്രണം സ്ഥിരപ്പെടുത്താന്‍ സഹായിക്കുകയും പിന്നീട് മറ്റൊരു പൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഷോട്ട മുസായേവിനോട് പ്രതി താന്‍ ഒമാന്‍ സ്വദേശിയാണെന്ന് പറഞ്ഞതായും ഒരവസരത്തില്‍ തന്നെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം എബിസി ന്യൂസിനോട് പറഞ്ഞു. ”എന്നെ കൊല്ലൂ, ദയവായി” എന്ന് പ്രതി ആവര്‍ത്തിച്ചതായി മുസായേവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അല്‍ ഹമ്മാമിയെ വ്യാഴാഴ്ച സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം സഹകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് പൂര്‍ണമായ ഔദ്യോഗിക അന്വേഷണം നടക്കുകയാണെന്ന് ഫ്‌ലൈദുബായ് അറിയിച്ചു. അധികൃതരുടെ നിര്‍ദേശപ്രകാരം ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും കമ്പനി വ്യക്തമാക്കി. പ്രതിക്ക് ഇസ്ലാമിക തീവ്രവാദ ആശയങ്ങളില്‍ നിന്ന് സ്വാധീനം ലഭിച്ചിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യവും മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.
Attempted attack on a flight to Israel; shocking details about the co-pilot revealed; reports indicate that a security threat regarding the accused had been identified earlier
















