ബീജിംഗ്: ചൈന അമേരിക്കയ്‌ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും ചൈനയെ നിരീക്ഷിക്കുന്നുണ്ടെന്നും ചൈന നടത്തുന്നതിനേക്കാള്‍ മികച്ച രീതിയിലാണ് അമേരിക്കയുടെ ഇത്തരത്തിലുള്ള നിരീക്ഷണമെന്നും ട്രംപ് അവകാശപ്പെട്ടു. ചൈനാ സന്ദര്‍ശനത്തിനിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ ചിപ്പ് നിര്‍മാണകമ്പനിയായ എന്‍വിഡിയയുമായി ബന്ധപ്പെട്ട ചാരവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ പരാമര്‍ശത്തിന് ഏറെ പ്രാധാന്യവുമുണ്ട്്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. ഇറാനുമായുള്ള യുദ്ധത്തില്‍ ചൈന ഇറാനെ സഹായിക്കുന്നുവെന്ന ആശങ്കകളെയും ട്രംപ് തള്ളിക്കളഞ്ഞു. രാജ്യങ്ങള്‍ പരസ്പരം ചാരപ്രവര്‍ത്തനം നടത്തുന്നത് സ്വാഭാവികമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
‘അവര്‍ നമ്മളെ നിരീക്ഷിക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ നമ്മളും അവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയില്‍ നമ്മള്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ ഒരു കാര്യം പറയാം, എനിക്ക് എല്ലാ കാര്യങ്ങളും അറിയാം.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയോട് ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അമേരിക്കയും ചാരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടേക്കാമെന്നും അങ്ങനെ വന്നാല്‍ താന്‍ അത് അംഗീകരിക്കുമോയെന്ന് പറയാനാകില്ലെന്നും ട്രംപ് മറുപടി നല്‍കി.
അതേസമയം, എന്‍വിഡിയയുമായി ബന്ധപ്പെട്ട ചാരവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ്-ഷി കൂടിക്കാഴ്ചയും ശ്രദ്ധ നേടുന്നത്. ട്രംപിന്റെ അടുത്ത അനുയായിയായ എന്‍വിഡിയ മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങ് വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങുമായുള്ള ബന്ധമാണ് വിവാദമായത്. ആലീസ് നേതൃത്വം നല്‍കിയിരുന്ന കമ്പനി എന്‍വിഡിയയുടെ അത്യാധുനിക കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ചൈനയ്ക്ക് ലഭ്യമാക്കാന്‍ സഹായിച്ചുവെന്നാണ് ആരോപണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിപ്പുകളാണ് ഇവ.
ആലീസ് ഹുവാങുമായുള്ള ബന്ധം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിനുആലീസ് ചാരവനിതയാണെന്ന് താന്‍ കേട്ടിട്ടില്ലെന്നും അവരെ സുന്ദരിയായ സ്ത്രീയെന്നുമാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍നിന്ന് വരുന്ന സുന്ദരികളായ സ്ത്രീകളെ പലരും ചാരന്മാരായാണ് കാണുന്നതെന്നും ട്രംപ് വിവാദ പരാമര്‍ശം നടത്തി. എന്നാല്‍ ആലീസിനെ ഒരു വ്യവസായിയായാണ് താന്‍ കാണുന്നതെന്നും അവര്‍ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ വാങ്ങിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിപ്പുകള്‍ നിയമാനുസൃതമായാണോ അല്ലാതെയാണോ വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ അവ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് പണം സമ്പാദിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘We monitor China even better than that’ – Trump responds to espionage remarks
















