ഇറാന്‍ സംഘര്‍ഷം: ജനുവരി ഒന്നിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ട്രംപ്

ഇറാന്‍ സംഘര്‍ഷം: ജനുവരി ഒന്നിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന ഇറാന്‍ അമേരിക്ക സംഘര്‍ഷം പുതിയ തലത്തിലേക്കോ? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് ഇപ്പോള്‍ ലോകത്ത് സജീവ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ പുതുവര്‍ഷമായ ജനുവരി ഒന്നിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഈ തീയതിക്ക് പ്രത്യേക പ്രാധാന്യമുള്ളത് എന്തുകൊണ്ടാണെന്നോ അതിനുശേഷം അമേരിക്ക സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. അടുത്തിടെ ഇറാനെതിരെ കൂടുതല്‍ ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുകളും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സൂചനകളും മാറിമാറി നല്‍കിയിരുന്ന ട്രംപിന്റെ പുതിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചൈന സന്ദര്‍ശനത്തിനിടെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പുതുവര്‍ഷം വരികയാണ്. ജനുവരി ഒന്നിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇറാനുമായി ബന്ധപ്പെട്ട് വാഷിങ്ടണില്‍ ഡേര്‍ട്ടി ബോംബ് ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. ഇത്തരം ആക്രമണ സാധ്യതയെക്കുറിച്ച് വാഷിങ്ടണിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, ഇറാന്‍ രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആണവായുധ പദ്ധതികള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മറ്റ് ആയുധങ്ങളിലേക്ക് ഇറാന്‍ ശ്രദ്ധ തിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. രാസവാതകങ്ങളും ജൈവായുധങ്ങളും ഉള്‍പ്പെടെയുള്ളവ ഇറാന്‍ പരിഗണിക്കുന്നതായി സൂചനയുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകളോ കൂടുതല്‍ വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് ഉടന്‍ പ്രതികരിച്ചില്ല. നേരത്തെ പുറത്തുവന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണം ഇറാന്‍ നിഷേധിക്കുന്നു. ഫെബ്രുവരിയില്‍ ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ സൈനിക ആക്രമണം ആരംഭിക്കുമ്പോള്‍ ഇറാന്റെ ആണവപദ്ധതി തകര്‍ക്കുക എന്നതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന കാരണങ്ങളിലൊന്ന്. ഇതിനിടെ, ഇറാന്റെ സൈനികശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്രായേല്‍ അമേരിക്കയ്ക്ക് കൈമാറിയതായി രണ്ട് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രാസായുധ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Iran conflict: Trump says we will have to wait and see what happens after January 1st.

Share Email
LATEST excelnclexrn
More Articles
Top