വാഷിംഗടണ്‍: അമേരിക്കന്‍ ബാങ്കിങ് രംഗത്തെ പ്രധാന സ്ഥാപനമായ ജെ.പി. മോര്ഗന് ചേസ് (JPMorgan Chase), ആഗോള പേയ്മെന്റ് കമ്പനികളായ വിസ (Visa), മാസ്റ്റര്‍കാര്‍ഡ് (Mastercard) എന്നിവയുടെ സേവനദാതാക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ആക്രമണത്തിലൂടെ ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കിയതായി മൂന്ന് കമ്പനികളും വ്യാഴാഴ്ച സ്ഥിരീകരിച്ചു. എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകളോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്ക് സേവനം നല്കുന്ന മൂന്നാംകക്ഷി കരാര്‍ കമ്പനികളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
തങ്ങളുടെ സേവനദാതാക്കളില്‍ ചിലര്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി ജെ.പി. മോര്ഗന് ചേസ് സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഈ കമ്പനികളുടെ കൈവശമുണ്ടായിരുന്ന ചില മാര്‍ക്കറ്റിങ് വിവരങ്ങളിലേക്ക് ഹാക്കര്‍മാര്‍ പ്രവേശനം നേടിയിട്ടുണ്ടാകാമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ബാങ്ക് പറഞ്ഞു. ഇതില്‍ ചില ഉപഭോക്താക്കളുടെ പേരുകളും ഇമെയില്‍ വിലാസങ്ങളും ഉള്‍പ്പെട്ടേക്കാം. എന്നാല്‍ ബാങ്കിന്റെ സേവനങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഈ ആഴ്ച ആദ്യം ഉപഭോക്താക്കള്‍ നേരിട്ട ഐടി തകരാറുകളുമായി സംഭവത്തിന് ബന്ധമില്ലെന്നും ബാങ്ക് വ്യക്തമാക്കി.
n0n എന്ന പേരിലുള്ള ഹാക്കിങ് സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ അവകാശവാദം തെളിയിക്കുന്നതിനായി ചില രേഖകളും സംഘം പുറത്തുവിട്ടിട്ടുണ്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ എസ്.ഒ.സി.റഡാര്‍ (SOCRadar) എഎഫ്പിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയില്‍നിന്നുള്ള സംഘമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ സംഘം രംഗത്തെത്തിയതെന്നും ലോകമെമ്പാടുമായി ഏകദേശം 200 കമ്പനികളെ ഹാക്ക് ചെയ്തതായി അവകാശപ്പെടുന്നുണ്ടെന്നും എസ്.ഒ.സി.റഡാര്‍ അറിയിച്ചു. എന്നാല്‍ ഹാക്കര്‍മാരുടെ അവകാശവാദങ്ങളുടെയും പുറത്തുവിട്ട രേഖകളുടെയും ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് വിസയും വിശദീകരണം നല്കി. ഏഷ്യ-പസഫിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സേവനദാതാവുമായി ബന്ധപ്പെട്ടാണ് സൈബര്‍ ആക്രമണ അവകാശവാദങ്ങള്‍ ഉയര്‍ന്നതെന്ന് കമ്പനി അറിയിച്ചു. വിസയുടെ സ്വന്തം കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും കാര്‍ഡ് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള പേയ്മെന്റ് വിവരങ്ങള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. മാസ്റ്റര്‍കാര്‍ഡും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പ്രത്യേക ആനുകൂല്യ പദ്ധതിയില്‍ അംഗങ്ങളായ ചില കാര്‍ഡ് ഉടമകളുടെ പേയ്മെന്റുമായി നേരിട്ട് ബന്ധമില്ലാത്ത പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തായതെന്ന് കമ്പനി അറിയിച്ചു.
വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സേവനദാതാവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും മാസ്റ്റര്‍കാര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജെ.പി. മോര്ഗന് ചേസ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എ. (NSA) എന്നിവയിലും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തില്‍ വന്‍കിട സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. മൂന്നാംകക്ഷി സേവനദാതാക്കള്‍ വഴിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വലിയ സ്ഥാപനങ്ങളുടെ ഉപഭോക്തൃവിവരങ്ങള്ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കും ഭീഷണിയാകാമെന്നതും പുതിയ സംഭവം വ്യക്തമാക്കുന്നു.
Major global cyberattack: Cyberattack targets service providers for J.P. Morgan, Visa, and Mastercard.
















