വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം ക്യൂബയ്‌ക്കെതിരേ ഇന്ധന ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്യൂബയിലേക്ക് ഇന്ധനവുമായി പോയ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതായി യുഎസ് കോസ്റ്റ് ഗാര്‍ഡ്. ആയുധ ധാരികളായ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കപ്പലുകളില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
ഗ്രേസ് എന്ന 300 അടി നീളമുള്ള ടാങ്കര്‍ കപ്പലാണ് സെപ്റ്റംബര്‍ അ്ഞ്ചിന് പിടിച്ചെടുത്തത്. ക്യൂബയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലെ കരീബിയന്‍ കടലില്‍വെച്ച് മെക്‌സിക്കന്‍ അധികൃതരുമായി ചേര്‍ന്നായിരുന്നു നടപടി. കടലില്‍ രഹസ്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സഞ്ചരിച്ച് ഇന്ധനം കടത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കപ്പല്‍ തടഞ്ഞതെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു.
പിന്നീട് ഗ്രേസ് കപ്പല്‍ മെക്‌സിക്കോയിലെ പ്രോഗ്രെസോ തുറമുഖത്തെത്തിച്ചു. മെക്‌സിക്കന്‍ നാവികസേന നടത്തിയ പരിശോധനയില്‍ കപ്പലിന്റെ ബാലസ്റ്റ് ടാങ്കുകളില്‍ വലിയ അളവില്‍ ഇന്ധനം കണ്ടെത്തി. ഇതിനുപുറമെ, ജൈറ പ്രൊവൈഡര്‍ എന്ന മറ്റൊരു ക്യൂബന്‍ കപ്പലും യുഎസ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു. കപ്പലില്‍ രണ്ടു ലക്ഷം ഗാലനിലധികം ഇന്ധനം ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ഇന്ധനവും ബാലസ്റ്റ് ടാങ്കുകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
ക്യൂബയുടെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇന്ധന ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യുഎസ് അധികൃതര്‍ പറയുന്നു. ഉപരോധത്തെ തുടര്‍ന്ന് ക്യൂബയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതായും ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കം ജലവിതരണം, ഭക്ഷ്യസംഭരണം, ആശയവിനിമയം തുടങ്ങിയ മേഖലകളെ ബാധിച്ചതായും യുഎസ് അധികൃതര്‍ പറഞ്ഞു.
The US Coast Guard seized two ships carrying fuel to Cuba.
















