കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നൽകി. പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനായി തയ്യാറാക്കിയ രേഖ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. കേരളത്തിലെ ഉൾപ്പെടെ ചില നേതാക്കൾക്ക് പാർലമെന്ററി സ്ഥാനമോഹമുണ്ടെന്ന് രേഖയിൽ കടുത്ത വിമർശനമുണ്ട്.
പാർലമെന്ററി അധികാരത്തോടുള്ള വല്ലാത്ത ആഗ്രഹം പാർട്ടിക്കുള്ളിൽ കൂടുകയാണെന്നും ഇതിന് ഉദാഹരണമായി ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ മറ്റൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ച കാര്യം നേതാക്കൾ സൂചിപ്പിച്ചു. കേരള ഘടകം നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിക്കാതെ, പിബിയിൽ ഉയർന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് രേഖയ്ക്ക് അന്തിമരൂപം നൽകിയത്. പാർലമെന്ററി സംവിധാനത്തിലൂടെ മാത്രം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നത് വ്യാമോഹമാണെന്നും രേഖ വ്യക്തമാക്കുന്നു.
അടുത്ത കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന ഈ രേഖ പാർട്ടിയുടെ തിരുത്തൽ പ്രക്രിയയ്ക്ക് ആധാരമാക്കും. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് അതേപടി അംഗീകരിച്ചോ എന്ന ചോദ്യത്തിന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കൃത്യമായ മറുപടി നൽകിയില്ല. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















