പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം നീക്കം,പത്മകുമാറിന്റെ ആരോപണങ്ങൾ തള്ളി ഗോവിന്ദൻ

പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം നീക്കം,പത്മകുമാറിന്റെ ആരോപണങ്ങൾ തള്ളി ഗോവിന്ദൻ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും മുൻ എഡിജിപി ശ്രീജിത്തിനെതിരെയും നടന്ന ഗൂഢാലോചനയെക്കുറിച്ചുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തലുകളെ പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടി നടപടി നേരിടുന്ന ഒരാളുടെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത തനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ സി.പി.എം കടുത്ത അച്ചടക്ക നടപടിയിലേക്ക് കടക്കുകയാണ്. അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായ കാലം മുതൽ അതിൽ അംഗമായിരുന്ന, ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പത്മകുമാറിനെതിരെയുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിക്കും.
മുൻപ് സ്വർണക്കൊള്ള വിവാദം ഉയർന്നപ്പോഴെല്ലാം സംഘടന തത്വങ്ങൾ ഉയർത്തിപ്പിടിച്ച് പത്മകുമാറിനെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, താഴെത്തട്ടിലുള്ള അണികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജനവികാരം പൂർണ്ണമായി പാർട്ടിക്കെതിരാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്മകുമാറിനെതിരെ അടിയന്തരവും കർശനവുമായ നടപടിയെടുക്കാൻ സി.പി.എം ഒടുവിൽ തീരുമാനിച്ചത്.

Share Email
LATEST excelnclexrn
More Articles
Top