swayamvara
pulimoottil

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ സൈനീക ശേഖരണത്തിലെ ദീര്‍ഘദൂര മിസൈലുകളുടെ ശേഖരത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഭാവിയില്‍ ചൈനയോ റഷ്യയോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സംഘര്‍ഷമുണ്ടായാല്‍ അമേരിക്കയുടെ സൈനിക ശക്തിയെ ഇത് ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ കരയില്‍ നിന്ന് കരയിലേക്ക് പ്രയോഗിക്കുന്ന ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം, പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍ എന്നിവയുടെ ശേഖരമാണ് പ്രധാനമായും കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗത്തിലെ മിസൈലുകളില്‍ ഏകദേശം ഉപയോഗിച്ചുകഴിഞ്ഞുവെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിലുള്ള അവകാശവാദം. എന്നാല്‍ എത്ര മിസൈലുകള്‍ അവശേഷിക്കുന്നുവെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദൂരെയുള്ള ലക്ഷ്യങ്ങള്‍ അതീവ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയുന്ന ഈ മിസൈലുകള്‍ അമേരിക്കയുടെ പ്രധാന സൈനിക ആയുധങ്ങളാണ്. യുക്രൈന് നല്‍കിയ എടിഎസിഎംഎസ് മിസൈലുകള്‍ റഷ്യന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എടിഎസിഎംഎസിന് പകരമായി വികസിപ്പിച്ച പുതിയ തലമുറ മിസൈലാണ് പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍. ഓരോ മിസൈലിനും 10 ലക്ഷം ഡോളറിലധികം വിലവരുമെന്നും ചൈനയുമായുള്ള ഏതെങ്കിലും ഭാവി സംഘര്‍ഷത്തിലും ഇവ നിര്‍ണായകമാകുമെന്നും പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇറാനെതിരെ വ്യോമാക്രമണത്തിന് പകരം ദീര്‍ഘദൂര മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള തീരുമാനമാണ് ശേഖരം കുറയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അതേസമയം, ഇറാനെതിരെ കൂടുതല്‍ ആക്രമണം നടത്താതിരുന്നതിന് കാരണം ആയുധ ക്ഷാമമല്ലെന്നും ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദമാണെന്നും അമേരിക്കന്‍ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അമേരിക്കയുടെ ആയുധ നിര്‍മ്മാണ കമ്പനികള്‍ റെക്കോര്‍ഡ് തോതില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണെന്നും ആവശ്യത്തിലേറെ ആയുധശേഖരം രാജ്യത്തിനുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ദീര്‍ഘകാല യുദ്ധം തുടരാന്‍ ആവശ്യമായ അളവില്‍ ചില നിര്‍ണായക മിസൈലുകളും പ്രതിരോധ ആയുധങ്ങളും ഇപ്പോഴും ലഭ്യമല്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്. പാട്രിയറ്റ്, താഡ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ഇന്റര്‍സെപ്റ്ററുകളുടെയും ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെയും ശേഖരവും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ ശേഖരം പുനര്‍നിര്‍മിക്കുന്നതിനായി ഉല്‍പ്പാദനം വേഗത്തിലാക്കാനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Reports indicate that the majority of America’s long-range missile stockpile was used in the war with Iran.

Share Email
Top