യുഎസ്-ഇറാൻ ചർച്ചകളിൽ ലെബനൻ ഉൾപ്പെടുമെന്നത് അപകടകരമായ അനുമാനം; തങ്ങൾ ഭാഗമല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ

യുഎസ്-ഇറാൻ ചർച്ചകളിൽ ലെബനൻ ഉൾപ്പെടുമെന്നത് അപകടകരമായ അനുമാനം; തങ്ങൾ ഭാഗമല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ

ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന പുതിയ വെടിനിർത്തൽ ചർച്ചകളിൽ തങ്ങൾ ഭാഗമല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ കരാറിന്റെ ആനുകൂല്യം ലെബനന് ലഭിക്കുമെന്ന് കരുതുന്നത് അതീവ അപകടകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. മേഖലയിൽ യുഎസ്-ഇറാൻ കരാർ നടപ്പിലായാൽ പോലും ലബനനിലെ ഹിസ്ബുള്ളയ്ക്കും ജനങ്ങൾക്കും നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അറുതിയാകില്ലെന്ന ആശങ്കയാണ് ശക്തമാകുന്നത്.

കഴിഞ്ഞ ഏപ്രിൽ 8-ന് പ്രഖ്യാപിക്കപ്പെട്ട ‘വെടിനിർത്തൽ’ കരാറിന്റെ സമയത്തും സമാനമായ അബദ്ധം സംഭവിച്ചിരുന്നു. അന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി, ലെബനനും ഈ കരാറിന്റെ ഭാഗമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ രാജ്യം കണ്ടത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമണങ്ങളായിരുന്നു. വെറും 10 മിനിറ്റിനുള്ളിൽ നൂറോളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ ലെബനന് നേരെ നടത്തിയത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും മാരകമായ ദിവസമായിരുന്നു അത്.

നിലവിലെ ചർച്ചകളിൽ ലെബനനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് യാതൊരുവിധ ഔദ്യോഗിക പ്രഖ്യാപനങ്ങളോ, എഴുതപ്പെട്ട രേഖകളോ, മാധ്യമ ചോർച്ചകളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളും കരാറിന്റെ പരിരക്ഷയിലാണെന്ന് ലെബനൻ ജനത കരുതുന്നത് വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകും. അമേരിക്കയുമായി ഇറാൻ നടത്തുന്ന ചർച്ചകളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും, തങ്ങളുടെ അതിർത്തികളുടെ സുരക്ഷ മുൻനിർത്തി പ്രോക്സി ഗ്രൂപ്പുകൾക്കെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കുന്നത്. ഇറാന്റെ പണം മരവിപ്പിച്ചത് മാറ്റുന്നതിനെതിരെയും മിസൈൽ ശേഷി പരിമിതപ്പെടുത്താത്ത കരാറുകൾക്കെതിരെയും ഇസ്രായേൽ ട്രംപ് ഭരണകൂടത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ആണവ പദ്ധതികൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ധാരണകളിലെത്തിയാൽ പോലും, ലെബനനിലെയും സിറിയയിലെയും ഇസ്രായേൽ ആക്രമണങ്ങൾക്ക് ഉടനടി ശമനമുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ യുദ്ധാന്തരീക്ഷം സൂചിപ്പിക്കുന്നത്.

Share Email
Top