പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് മരണം; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് മരണം; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട്/തൃശൂർ: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾക്കിടെ ആശങ്കയുണർത്തി പാലക്കാട് ഡെങ്കിപ്പനി മരണവും തൃശൂരിൽ ഷിഗെല്ല രോഗബാധയും റിപ്പോർട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് ഇവരെ കഴിഞ്ഞദിവസം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. അവധി ആഘോഷിക്കുന്നതിനായി തമിഴ്‌നാട്ടിലെ അമ്മയുടെ കുടുംബവീട്ടിൽ പോയി മടങ്ങിവന്ന കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. നിലവിൽ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വിദഗ്ദ്ധ ചികിത്സ നൽകിവരികയാണ്.

രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടക്കാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് രോഗം ബാധിച്ച ഉറവിടം കണ്ടെത്താനും, രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും ആരോഗ്യ പ്രവർത്തകർ പ്രതിരോധ നടപടികളും ബോധവത്കരണവും ശക്തമാക്കി. പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Share Email
LATEST excelnclexrn
More Articles
Top