വാഷിങ്ടണ്‍: ഗുരുതര സുരക്ഷാ വീഴ്ചകള്‍ ആരോപിച്ച് കെന്റക്കിയിലെ അവയവദാന സ്ഥാപനമായ നെറ്റ്വര്‍ക്ക് ഫോര്‍ ഹോപ്പ് എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആരംഭിച്ചു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അവയവം ശേഖരിക്കാനുള്ള നടപടികള്‍ തുടരാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
തുടര്‍ച്ചയായ സുരക്ഷാ വീഴ്ച്ചകളാണ് സംഘഠനയ്‌ക്കെതിരേ നടപടിക്ക് കാരണമെന്നു
അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ വ്യക്തമാക്കി. രാജ്യത്തെ അവയവ ശേഖരണവും രോഗികളുമായി ബന്ധപ്പെടലും ഏകോപിപ്പിക്കുന്ന ഏകദേശം 55 അംഗീകൃത ഓര്‍ഗന്‍ പ്രൊക്യൂര്‍മെന്റ് ഓര്‍ഗനൈസേഷനുകളില്‍ ഒന്നാണ് നെറ്റ്വര്‍ക്ക് ഫോര്‍ ഹോപ്പ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി സംഘടന പ്രതികരിക്കുകയും അപ്പീല്‍ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
2021-ല്‍ ഉയര്‍ന്ന ആരോപണമാണ് വിവാദത്തിന് ആധാരം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ ബോധം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് അവയവങ്ങള്‍ ശേഖരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ആശുപത്രിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് ആരോപണം. പിന്നീട് രോഗി രക്ഷപ്പെടുകയും അദ്ദേഹത്തിന്റെ സഹോദരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
അതേസമയം, എല്ലാ ഫെഡറല്‍ ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് നെറ്റ്വര്‍ക്ക് ഫോര്‍ ഹോപ്പിന്റെ വിശദീകരണം. രോഗിയുടെ അവസ്ഥയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവയവദാന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിയുന്ന പുതിയ സുരക്ഷാ സംവിധാനം ഒരു വര്‍ഷം മുമ്പ് തന്നെ നടപ്പാക്കിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഇതിനിടെ, ഇത്തരമൊരു സുരക്ഷാ സംവിധാനം നിര്‍ബന്ധമാക്കുന്ന നിയമം കെന്റക്കി സംസ്ഥാനം പാസാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ അവയവദാന സ്ഥാപനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കുന്ന പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Serious security breach: Move to revoke accreditation of US organ donation organization ‘Network for Hope’

















