ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിന് വൻ ആശ്വാസം. ഡോ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി പൂർണ്ണമായി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ പുതിയ ഡിഎച്ച്എസ് ആയി ഡോ. മീനാക്ഷിക്ക് തസ്തികയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ ഡിഎച്ച്എസിന് ഔദ്യോഗികമായി ചുമതല ലഭിച്ച ശേഷമാണ് ഡോ. റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോ. റീന തസ്തികയിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയെന്നും ഫെബ്രുവരിയിൽ അവസാനിച്ച ഡെപ്യൂട്ടേഷൻ നീട്ടി നൽകിയിട്ടില്ലെന്നുമുള്ള സർക്കാരിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഡിഎച്ച്എസ് ഓഫീസിൽ കസേരകളിയുടെ നാടകീയ രംഗങ്ങൾക്കായിരുന്നു ആരോഗ്യവകുപ്പ് സാക്ഷ്യം വഹിച്ചിരുന്നത്. സ്റ്റേ ഉത്തരവുമായി എത്തിയ ഡോ. റീനയും സർക്കാർ ചുമതല നൽകിയ ഡോ. മീനാക്ഷിയും മുഖാമുഖം കസേരകളിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. നിയമസഭയിൽ പ്രതിപക്ഷവും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിൽ ഇതിനെച്ചൊല്ലി കടുത്ത വാക്പോര് നടന്നിരുന്നു. സിസ്റ്റത്തെ അംഗീകരിക്കാത്തവർ കസേരയിലുണ്ടാകില്ലെന്ന മന്ത്രിയുടെ കർശന നിലപാടിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി.















