ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ മക്ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു പുറത്തുണ്ടായ വെടിവെയ്പില്‍ പിതാവിനും 11 വയസുകാരിക്കും വെടിയേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മയാമിയില്‍ നിന്ന് 18 മൈല്‍ അകലെയുള്ള ഹല്ലന്‍ഡെയില്‍ ബീച്ചിലെ മക്ഡൊണാള്‍ഡ് ഔ്ട്ട്‌ലെറ്റിനു പുറത്താണ് സംഭവം നടന്നത്. വെടിവെപ്പിനിടയില്‍ കുടുങ്ങിയ നിരപരാധികളായ പിതാവിനും 11 വയസ്സുള്ള മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് നിരപരാധികളാണ് വെടിയേറ്റതെന്നു ഹല്ലന്‍ഡെയില്‍ ബീച്ച് പൊലീസ് ക്യാപ്റ്റന്‍ മേഗന്‍ ജോണ്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഏകദേശം 1.35-ഓടെ, മക്ഡൊണാള്‍ഡ്‌സില്‍ എത്തിയ ഒരാളെ അവിടെ കാത്തുനിന്നിരുന്ന മറ്റൊരാള്‍ ആക്രമിക്കുകയായിരുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍ മക്ഡൊണാള്‍ഡ്‌സിലെ ജീവനക്കാരനാണെന്നും എന്നാല്‍ ആക്രമണത്തിന്റെ ലക്ഷ്യം ഇയാളായിരുന്നോയെന്ന് ഇപ്പോഴും അന്വേഷിച്ചുവരികയാണ്,’ ജോണ്‍സ് പറഞ്ഞു.വെടിവെപ്പ് നടക്കുമ്പോള്‍ പരിക്കേറ്റ പിതാവും മകളും മക്ഡൊണാള്‍ഡ്‌സിന്റെ പാര്‍ക്കിങ് സ്ഥലത്ത് കാറിനുള്ളിലായിരുന്നു. ഇയാളുടെ ഭാര്യ ഭക്ഷണം വാങ്ങുന്നതിനായി റസ്റ്റോറന്റി നുള്ളിലായിരുന്നു.
വെടിവെപ്പിന്റെ ശബ്ദം കേട്ട് പുറത്തേക്കോടിയ അവര്‍, ഭര്‍ത്താവിനും മകള്‍ക്കും വെടിയേറ്റതായി കണ്ടതായും പൊലീസ് അറിയിച്ചു. ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.പൊലീസ് എത്തുന്നതിന് മുമ്പ് പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.പരിക്കേറ്റ പിതാവിനെയും മകളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില സ്ഥിരമാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണ് വിവരം.
Father and 11-year-old girl shot outside McDonald’s restaurant in Florida
















