പിണറായി ‘മുഖ്യമന്ത്രി’യുടെ ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ സ്ഥലംമാറ്റവുമായി സർക്കാർ

പിണറായി ‘മുഖ്യമന്ത്രി’യുടെ ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ സ്ഥലംമാറ്റവുമായി സർക്കാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ വനം വകുപ്പിൽ നിയമിച്ചതിനെതിരെ മന്ത്രി ഷിബു ബേബി ജോൺ കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (പി.ആർ.ഡി.) അസാധാരണ സ്ഥലംമാറ്റം. വനം വകുപ്പിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറായി (പി.ആർ.ഒ.) ചുമതലയേറ്റ് അഞ്ചാം ദിവസം അഭിലാഷ് എസ്. എന്ന ഉദ്യോഗസ്ഥനെ ഇവിടെ നിന്നും അടിയന്തിരമായി മാറ്റി ഉത്തരവിറക്കി. കഴിഞ്ഞ പത്ത് വർഷത്തോളമായി മുൻ മുഖ്യമന്ത്രിയുടെ പി.ആർ. വിഭാഗത്തിൽ സജീവമായിരുന്ന അഭിലാഷിന് ഭരണമാറ്റത്തിന് പിന്നാലെയാണ് വനം വകുപ്പിലേക്ക് നിയമനം ലഭിച്ചത്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ തന്റെ വകുപ്പിൽ തുടരുന്നത് ഭരണപരമായ തീരുമാനങ്ങളെ ബാധിച്ചേക്കുമെന്ന രാഷ്ട്രീയ വിലയിരുത്തലിലാണ് മന്ത്രി മാറ്റത്തിന് നിർദ്ദേശിച്ചതെന്നാണ് സൂചന.

ഭരണമാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ദിവസങ്ങൾക്കകം മന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി വീണ്ടും മാറ്റുന്നത് സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ അഭിലാഷിന് ലഭിക്കുന്ന രണ്ടാമത്തെ സ്ഥലം മാറ്റമാണിത്. സി.പി.എം. കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിന്നും അകറ്റി നിർത്തുക എന്ന പുതിയ സർക്കാരിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അഭിലാഷിനെ വനം വകുപ്പിൽ നിന്നും മാറ്റിയ സാഹചര്യത്തിൽ പകരം ആരെ നിയമിക്കുമെന്ന കാര്യത്തിൽ പി.ആർ.ഡി. ഉടൻ തീരുമാനമെടുക്കും.

Share Email
LATEST excelnclexrn
More Articles
Top