മുൻ മന്ത്രിയും ഇടതുപക്ഷ സഹയാത്രികനുമായ കെ.ടി. ജലീൽ സി.പി.എമ്മിൽ അംഗത്വമെടുക്കുന്നു. ഇനി ‘സ്വതന്ത്രൻ’ എന്ന പദവി വിട്ട് പാർട്ടിയിൽ പൂർണ്ണമായി സജീവമാകാനുള്ള തന്റെ താത്പര്യം അദ്ദേഹം സി.പി.എം മലപ്പുറം ജില്ലാ നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സി.പി.എം അംഗത്വം സ്വീകരിക്കാനുള്ള ഈ നിർണായക തീരുമാനം അദ്ദേഹം കൈക്കൊണ്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ജോയിയോട് കെ.ടി. ജലീൽ പരാജയപ്പെട്ടിരുന്നു. ഈ തോൽവിക്ക് പിന്നാലെ ജലീൽ ഇടതുപക്ഷ പാളയം വിടുമെന്ന തരത്തിലുള്ള ശക്തമായ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം അപ്പാടെ തള്ളിക്കൊണ്ടാണ് പാർട്ടി മെമ്പർഷിപ്പ് എടുത്ത് സി.പി.എമ്മിന്റെ ഭാഗമാകാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കെ.ടി. ജലീൽ പിന്നീട് യൂത്ത് ലീഗ് നേതൃത്വത്തിലുമെത്തി. തുടർന്ന് ലീഗുമായി അകന്ന അദ്ദേഹം 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. കുറ്റിപ്പുറത്തുനിന്ന് ഒരു തവണയും തവനൂരിൽനിന്ന് മൂന്ന് തവണയുമായി തുടർച്ചയായി 20 വർഷം ഇടതു സ്വതന്ത്ര എം.എൽ.എയായിരുന്ന അദ്ദേഹം 2016-ലെ എൽ.ഡി.എഫ് സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.















