കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്റിനെ തുടർന്ന് തിരുവനന്തപുരത്ത് എത്തിച്ചു. സുഗതൻ പ്രതിയായ വധശ്രമ കേസിന്റെ നടപടികൾക്കായാണ് ഈ നീക്കം. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഇയാളെ നാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അതിനിടെ, സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ രൂക്ഷമായ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. കൗൺസിൽ യോഗത്തിൽ പ്രതിഷേധങ്ങൾക്കിടെ അജണ്ടകൾ മേയർ അതിവേഗം പാസാക്കി മടങ്ങിയതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ അടിപൊട്ടിയത്. ഹാജർ രജിസ്റ്റർ കൈവശം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
യുഡിഎഫ് അംഗം കെ.എസ്. ശബരിനാഥനും ബിജെപി അംഗം ചെമ്പഴന്തി ഉദയനും തമ്മിൽ നേർക്കുനേർ പോരാട്ടമുണ്ടാവുകയും പരസ്പരം കയ്യേറ്റം ചെയ്യുകയും ചെയ്തു. സുഗതനെ രക്ഷിക്കാൻ ബിജെപി അംഗം രജിസ്റ്റർ പിടിച്ചുവാങ്ങി വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്ന് യുഡിഎഫും, രജിസ്റ്ററിൽ വെള്ളമൊഴിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് മേയറും ആരോപിച്ചു. കയ്യാങ്കളിയിൽ അംഗങ്ങളുടെ വസ്ത്രങ്ങൾ കീറുകയും കൗൺസിൽ ഹാൾ ഏറെ നേരം യുദ്ധക്കളമാവുകയും ചെയ്തു.
















