pulimoottil

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

തിരുവനന്തപുരം ഈ വർഷത്തെ കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ. ആർ. മൂന്നാം റാങ്കും നേടി. സംസ്ഥാനത്ത് ആകെ 79,717 വിദ്യാർത്ഥികളാണ് എൻജിനീയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്. തിരുവനന്തപുരത്തെ ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.

സിബിഎസ്ഇ പുനർമൂല്യനിർണ്ണയ ഫലം വരാൻ വൈകിയതും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുമാണ് ഇത്തവണ കീം ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമായത്. വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് സമർപ്പിക്കാനായി രണ്ടുതവണയാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് സമയം നീട്ടി നൽകിയത്. രാജ്യത്താകെ സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിൽ 13 ശതമാനത്തോളം ഫലങ്ങൾ കൂടി ഇനി പുറത്തുവരാനുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള വളരെ കുറച്ചു കുട്ടികൾ മാത്രമേ ഇതിൽ ഉൾപ്പെടുന്നുള്ളൂ. മുൻപ് ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ചാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

പരീക്ഷാഫലം പുറത്തുവന്നതോടെ പ്രവേശനത്തിനായുള്ള കൗൺസിലിംഗ് നടപടികളിലേക്ക് അടുത്ത ഘട്ടത്തിൽ കടക്കും. വരും ദിവസങ്ങളിൽ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ജൂലൈ 8-ാം തീയതിയോടെ എൻജിനീയറിംഗ് പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

Share Email
Top