സഹോദരാ പാറപോലെ ഒപ്പം ഉറച്ചുനിൽക്കണമെന്ന് രാഹുൽ ഗാന്ധി; തങ്ങൾ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് സ്റ്റാലിൻ, ‘ചരിത്രം കട്ടബൊമ്മൻമാരായി വിലയിരുത്തും’

സഹോദരാ പാറപോലെ ഒപ്പം ഉറച്ചുനിൽക്കണമെന്ന് രാഹുൽ ഗാന്ധി; തങ്ങൾ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് സ്റ്റാലിൻ, ‘ചരിത്രം കട്ടബൊമ്മൻമാരായി വിലയിരുത്തും’

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും തമ്മിൽ സമൂഹമാധ്യമമായ എക്സിലൂടെ നിർണായക ആശയവിനിമയം. ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് താനും ഇൻഡ്യ മുന്നണിയിലെ മുതിർന്ന നേതാക്കളും ചെന്നൈയിലെത്തി സ്റ്റാലിനെ നേരിൽ കാണുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും താല്പര്യം മുൻനിർത്തിയും ഭരണഘടനയെ സംരക്ഷിക്കാനും ഈ ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും, രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബിജെപിക്കും ആർഎസ്എസിനും ഇത് അനിയന്ത്രിതമായ ഇടം നൽകുമെന്നും രാഹുൽ ഗാന്ധി കുറിപ്പിൽ ചൂണ്ടിക്കാട്ടി. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എപ്പോഴും ഒരു പാറപോലെ ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ കുറിപ്പിന് ഉടൻ തന്നെ മറുപടിയുമായി എത്തിയ എം.കെ. സ്റ്റാലിൻ, ഡിഎംകെ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് പരോക്ഷമായി ഓർമ്മിപ്പിച്ചു. ‘ചരിത്രം ഞങ്ങളെ കട്ടബൊമ്മൻമാരായിട്ടായിരിക്കും വിലയിരുത്തുക, എട്ടപ്പൻമാരായിട്ടായിരിക്കില്ല’ എന്നായിരുന്നു എക്സ് പോസ്റ്റിലൂടെയുള്ള സ്റ്റാലിന്റെ മറുപടി. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരതയുടെ പ്രതീകമായ വീരപാണ്ഡ്യ കട്ടബൊമ്മനെയും, അദ്ദേഹത്തെ ഒറ്റിക്കൊടുത്ത വഞ്ചനയുടെ പ്രതീകമായ എട്ടപ്പനെയും കുറിച്ചുള്ള തമിഴ് ചരിത്രം ഓർമ്മിപ്പിച്ചാണ് സ്റ്റാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് സഹോദരൻ രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും സ്റ്റാലിൻ പോസ്റ്റിൽ കുറിച്ചു. തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്നും, എല്ലാ തീരുമാനങ്ങളും ഇക്കാര്യം മുൻനിർത്തിയാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top