വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു, സർക്കാർ ഉണരണം; മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു, സർക്കാർ ഉണരണം; മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

എസ്.എൻ.ഡി.പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് സ്റ്റേറ്റ് കോർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. വെള്ളാപ്പള്ളി നടേശന്റെ നിരന്തരമായ മാനസിക പീഡനവും ഭീഷണിയുമാണ് മഹേശന്റെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന കത്തിനൊപ്പം, നീതി ആവശ്യപ്പെട്ട് മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ അപേക്ഷയും സുധീരൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ ആറിന് സമാനമായ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിട്ടും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ലെന്ന വിമർശനം കത്തിൽ ശക്തമാണ്; മാത്രമല്ല, എസ്.ഐ.ടി. അന്വേഷണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മൗനം പാലിച്ചതും ശ്രദ്ധേയമായി. തന്നെ ‘കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടി’ എന്ന് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ്, നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന വ്യക്തിക്കെതിരെ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്ന കടുത്ത താക്കീതുമായി വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് ഈ പുതിയ കത്തയച്ചിരിക്കുന്നത്.

സുധീരന്‍റെ കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി,
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഢനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്ന എസ് എന്‍ ഡി പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന കെ കെ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹര്‍ജി അടിയന്തിര നടപടികള്‍ക്കായി ഇതോടൊപ്പം അയയ്ക്കുന്നു. മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്കു മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏറ്റവുമൊടുവില്‍ 06.06.2026 ല്‍ ബഹു.മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും മഹേശന്റെ കുടുംബം. ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് എന്റെ അപേക്ഷ. ഉഷാദേവിയുടെ സങ്കടഹര്‍ജിയില്‍ എത്രയും വേഗത്തില്‍ത്തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share Email
LATEST excelnclexrn
More Articles
Top