റിച്ച്മണ്ട്: വിര്‍ജീനിയയില്‍ അടുത്ത വര്‍ഷം മുതല്‍ കഞ്ചാവ് വില്പനയ്ക്ക് അനുമതി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം കഞ്ചാവ് (മരിജുവാന) കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയ അമേരിക്കയുടെ ദക്ഷിണമേഖലയിലെ ആദ്യ സംസ്ഥാനമെന്ന പേരും ഇനി വിര്‍ജീനിയയ്ക്കാവും. 350 ലധികം റീട്ടെയില്‍ ഷോപ്പുകളാണ് കഞ്ചാവ് വില്പനയ്ക്കായി അടുത്ത വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ തുറക്കുക.
ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് ഇപ്പോഴും നിരോധിത മയക്കുമരുന്നാണെങ്കിലും, സംസ്ഥാന തല നിയമനിര്‍മാണത്തിലൂടെ അതിന്റെ ഉപയോഗവും വില്‍പ്പനയും വിപുലീകരിക്കുന്ന ഏറ്റവും പുതിയ നടപടികളിലൊന്നാണ് വിര്‍ജീനിയയുടെ തീരുമാനം. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ വിര്‍ജീനിയയില്‍ മുതിര്‍ന്നവര്‍ക്ക് കഞ്ചാവ് കൈവശം വയ്ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. എന്നാല്‍ കഞ്ചാവ് വില്പനയ്ക്കായി സര്‍ക്കാര്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ അനധികൃത വിപണിയിലൂടെയായിരുന്നു വില്പന നടന്നിരുന്നത്. പുതിയ നിയമം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും, ഗുണനിലവാരം പരിശോധിച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും, നിയമാനുസൃതവും മത്സരക്ഷമവുമായ വിപണി സൃഷ്ടിക്കുകയും ചെയ്യുമെനന്ു നിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ലാഷ്രെസ് എയര്‍ഡ് പറഞ്ഞു.
വിര്‍ജീനിയയില്‍ ഇതിനകം മെഡിക്കല്‍ മരിജുവാന പദ്ധതി നിലവിലുണ്ട്. ഡോക്ടറുടെ നിര്‍ദേശമുള്ള രോഗികള്‍ക്ക് അംഗീകൃത ഡിസ്‌പെന്‍സറികളില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം, 2026 ഫെബ്രുവരി ഒന്നു മുതല്‍ കഞ്ചാവ് വില്പനയ്്ക്കായി റീട്ടെയില്‍ ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. 2027 ജൂലൈഒന്നു മുതല്‍ 21 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് വിനോദാവശ്യത്തിനായി കഞ്ചാവ് വാങ്ങാന്‍ സാധിക്കും.
പുതിയ നിയമം പ്രകാരം ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന കഞ്ചാവിന്റെ പരമാവധി അളവ് ഒരു ഔണ്‍സില്‍ നിന്ന് രണ്ട് ഔണ്‍സായി വര്‍ധിപ്പിച്ചു. വീടുകളില്‍ പരിമിതമായ എണ്ണം കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതിനുള്ള അനുമതിയും തുടരും.കഞ്ചാവ് വില്‍പ്പനയ്ക്ക് സംസ്ഥാന സെയില്‍സ് ടാക്സിന് പുറമേ പ്രത്യേക എക്‌സൈസ് നികുതിയും ഈടാക്കും. പദ്ധതി നടപ്പാകുന്ന ആദ്യ വര്‍ഷം മാത്രം ഏകദേശം 51 മില്യണ്‍ ഡോളര്‍ സംസ്ഥാനത്തിന് വരുമാനമായി ലഭിക്കുമെന്നാണ് ബജറ്റ് രേഖകളിലെ കണക്ക്.
വിര്‍ജീനിയയില്‍ കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കങ്ങള്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് നേതൃത്വം നല്‍കിയത്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ കറുത്ത വര്‍ഗക്കാ രായ വിര്‍ജീനിയക്കാര്‍ അനുപാതാതീതമായി അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതായി സംസ്ഥാന കണക്കുകള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഈ വിഷയത്തെ സാമൂഹിക നീതിയുടെ ഭാഗമായും ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയത്.അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വളരെ കുറച്ച് നിയമസഭാംഗങ്ങള്‍ മാത്രമാണ് നിയമവിധേയമാക്കലിനെ പിന്തുണച്ചത്. പൊതുസുരക്ഷയും ആരോഗ്യപരമായ ആശങ്കകളും ചൂണ്ടിക്കാട്ടി ഭൂരിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചു.കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പുതിയ നിയമത്തെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള സിവില്‍ പിഴ വര്‍ധിപ്പിച്ച വ്യവസ്ഥ വംശീയ വിവേചനത്തിന് വീണ്ടും വഴിവെക്കുമെന്ന ആശങ്ക ചില സംഘടനകള്‍ പ്രകടിപ്പിച്ചു.
Marijuvana sales allowed in Virginia: 350 retail shops to open
















