നവകേരള യാത്രയിലെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം

നവകേരള യാത്രയിലെ മർദ്ദനം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ജീവനക്കാരുടെയും ജാമ്യാപേക്ഷകൾ പരിഗണിച്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജി ഹണി എം. വർഗീസാണ് പ്രതികൾക്ക് ആശ്വാസം നൽകിക്കൊണ്ട് മുൻകൂർ ജാമ്യം അനുവദിച്ച് വിധി പ്രസ്താവിച്ചത്.

മു ൻ മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകൾക്ക് പിന്നാലെ സുരക്ഷാ ജീവനക്കാർ നിയമം കൈയിലെടുത്ത സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയായ ഗൺമാൻ അനിൽ കല്ലിയൂർ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ് എസ്., വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിപക്ഷ യുവജന സംഘടനകളുടെ നേതാക്കളെ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇവർ ലാത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു എന്നതായിരുന്നു കേസ്.

സംസ്ഥാനത്തുടനീളം കനത്ത ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമായ ഈ കേസിൽ, സുരക്ഷാ ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് ആദ്യം വിമുഖത കാണിച്ചിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ നിയമപോരാട്ടത്തെയും കോടതിയുടെ കടുത്ത ഇടപെടലുകളെയും തുടർന്നാണ് ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതോടെ കേസിന്റെ തുടർനടപടികൾ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കോടതി വിധിക്കെതിരെ ഉന്നത ഫോറങ്ങളെ സമീപിക്കാനാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

Share Email
LATEST excelnclexrn
Top