മാതൃത്വത്തിന് പുതിയ പ്രതീക്ഷ: അതിസങ്കീര്‍ണ ഗര്‍ഭാവസ്ഥയില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തി സണ്‍റൈസ് ഹോസ്പിറ്റല്‍

മാതൃത്വത്തിന് പുതിയ പ്രതീക്ഷ: അതിസങ്കീര്‍ണ ഗര്‍ഭാവസ്ഥയില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തി സണ്‍റൈസ് ഹോസ്പിറ്റല്‍

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റല്‍. മുന്‍പ് സി-സെക്ഷന്‍ ചെയ്ത ഭാഗത്തെ തഴമ്പില്‍ ഗര്‍ഭസ്ഥ ശിശു വളരുന്ന സ്‌കാര്‍ പ്രഗന്നന്‍സിയെന്ന അവസ്ഥയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ട് നടത്തിയ സങ്കീര്‍ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയാണ് വന്‍ വിജയമായത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

ഡോ.ഹഫീസ് റഹ്‌മാന്‍, പര്‍വീന്‍ ഹഫീസ്, രേഷ്മ (അമ്മ), ഭര്‍ത്താവ് ശ്രീരാജ്, ഡോ.ഷെമിനി സലീം, ഡോ.സോണിയ ഫര്‍ഹാന്‍, ഡോ.എബി കോശി, ഡോ.ഷാജി പി.ജി, ഡോ. സുമി പീറ്റര്‍ മരിയ (ഇടത് നിന്ന് വലത്തേക്ക്)

ഗര്‍ഭച്ഛിദ്രം ലക്ഷ്യമിട്ട് ദുബായില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്ത മുപ്പതുകാരിയായ മലയാളി യുവതിയിലാണ് സണ്‍റൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ചീഫ് സര്‍ജന്‍ ഡോ. ഹഫീസ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ദമ്പതികളുടെ ആദ്യ ഗര്‍ഭം 2022-ല്‍ അലസി പോയിരുന്നു. അതേ വര്‍ഷം വീണ്ടും ഗര്‍ഭിണിയായി എങ്കിലും 2023-ല്‍ പ്രസവ ശേഷം തുടര്‍ന്ന് കുഞ്ഞ് മരണപ്പെട്ടു. വീണ്ടും 2024-ല്‍ ഗര്‍ഭം ധരിച്ചുവെങ്കിലും അത് സ്‌കാര്‍ പ്രഗ്‌നന്‍സിയായിരുന്നു. അതും അബോര്‍ട് ചെയ്യേണ്ടി വന്നു. പിന്നീട് 2025-ല്‍ ഗര്‍ഭം ധരിച്ചത് ദുബായില്‍ വച്ചായിരുന്നതിനാലും ഹാര്‍ട് ബീറ്റ് ഉണ്ടായിരുന്നതിനാല്‍ ദുബായില്‍ ആ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമ തടസ്സങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് അവിടത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം സണ്‍റൈസിലേക്കെത്തിയത്. ഒരുപക്ഷെ ഗര്‍ഭപാത്രം തന്നെ നീക്കം ചെയ്യേണ്ടി വന്നേക്കാമെന്നും അവര്‍ പറഞ്ഞിരുന്നു.

അത്യപൂര്‍വവും ജീവന് തന്നെ ഭീഷണിയായതുമായ ഇത്തരം സാഹചര്യങ്ങളില്‍ സാധാരണയായി ഗര്‍ഭച്ഛിദ്രം മാത്രമാണ് പോംവഴിയായി നിര്‍ദേശിക്കാറുളളത്. എന്നാല്‍ രോഗിയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ മനസ്സിലാക്കിയ ഡോ. ഹഫീസ് റഹ്‌മാന്‍ ഇത്തരം ഗര്‍ഭാവസ്ഥയിലെ പുതിയ ചികിത്സാ സാധ്യതകള്‍ പരിഗണിക്കുകയായിരുന്നു. റിസ്‌ക് വളരെ വലുതായിരുന്നുവെങ്കിലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയ ദമ്പതികളുടെ മുഖം ആദ്യ കാഴ്ചയില്‍ തന്നെ വല്ലാതെ വേട്ടയാടി. സ്‌കാനിംഗ് റിപ്പോര്‍ട് വന്നപ്പോഴാണ് അതിലെ ലൂപ്‌ഹോള്‍സ് കണ്ടെത്തിയതും എന്തുകൊണ്ട് ചികിത്സയിലെ പുതിയ സാധ്യതകള്‍ തേടിക്കൂടായെന്നും ചിന്തിച്ചത്., ഡോ. ഹഫീസ് റഹ്‌മാന്‍ പറഞ്ഞു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമാന അവസ്ഥയിലൂടെ കടന്ന് പോകുന്ന നിരവധിയാളുകളുടെ ജീവിതം മാറ്റിമറിക്കാനാകുമെന്നുളളതും പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭത്തിന്റെ എട്ടാം ആഴ്ചയില്‍ ‘പ്രെഗ്‌നന്റ് യൂട്ടറിന്‍ മെട്രോപ്ലാസ്റ്റി’ (Pregnant Uterine Metroplasty) എന്ന അത്യാധുനിക ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലൂടെ ഗര്‍ഭപാത്രത്തിലെ തകരാര്‍ പരിഹരിച്ചു. തുടര്‍ന്ന് പന്ത്രണ്ടാം ആഴ്ചയില്‍ ഗര്‍ഭപാത്രത്തിന്റെ കവാടം ബലപ്പെടുത്തുന്നതിനായി ‘ലാപ്രോസ്‌കോപ്പിക് സെര്‍വിക്കല്‍ എന്‍സിര്‍ക്ലേജ്’ (Laparoscopic Cervical Encirclage) ശസ്ത്രക്രിയയും വിജയകരമായി നടത്തി. ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തില്‍ പ്ലാസന്റ ഗര്‍ഭപാത്ര ഭിത്തിയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ‘പ്ലാസന്റ അക്രീറ്റ സ്‌പെക്ട്രം’ (Placenta Accreta Spectrum) എന്ന മറ്റൊരു സങ്കീര്‍ണാവസ്ഥയും എംആര്‍ഐ സ്‌കാനിംഗിലൂടെ കണ്ടെത്തുകയുണ്ടായി.

തുടര്‍ന്ന് പ്രസവ സമയത്ത് ഉണ്ടായേക്കാവുന്ന കടുത്ത രക്തസ്രാവം തടയാന്‍ പ്രത്യേക രക്ത കുഴലുകള്‍ ബന്ധിക്കുകയും (Bilateral Internal Iliac Artery Ligation), മൂത്രസഞ്ചിക്കുണ്ടായ തകരാറുകള്‍ പരിഹരിക്കുകയും ചെയ്ത് എമര്‍ജന്‍സി സിസേറിയന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഗര്‍ഭപാത്രം പൂര്‍ണമായും സുരക്ഷിതമായി നിലനിര്‍ത്തിക്കൊണ്ട് (Fertility-Preserving) നടത്തിയ ഈ അത്യപൂര്‍വ ശസ്ത്രക്രിയ സണ്‍റൈസ് ഹോസ്പിറ്റലിന്റെ ചരിത്രത്തിലെയും കേരളത്തിലെ ആരോഗ്യരംഗത്തെയും ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ.ഹഫീസ് റഹ്‌മാന്റെ നേതൃത്വത്തില്‍ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷെമിനി സലീം, ഡോ.സോണിയ ഫര്‍ഹാന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ.ഷാജി പി.ജി എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്കിയത്.

”പ്രതീക്ഷ നഷ്ടപ്പെട്ട് , ഇനി തങ്ങള്‍ക്കൊരു കുഞ്ഞെന്ന ആഗ്രഹം സഫലമാകില്ലെന്ന സങ്കടത്തോടെയാണ് സണ്‍റൈസിലെത്തിയത്. ആദ്യമായാണ് ഞങ്ങളോട് ഒരു ഡോക്ടര്‍ പോസിറ്റീവായി പ്രതികരിച്ചത് പോലും. ആദ്യ ദിവസം മുതല്‍ നാളിതുവരെ ഹഫീസ് ഡോക്ടറും മറ്റ് ഓരോ ജീവനക്കാരും നല്കിയ പിന്തുണ ചെറുതല്ല”, ദമ്പതിമാര്‍ പറഞ്ഞു

മികച്ച പരിചരണത്തിനും അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനുമായി യുവതി ആറാം മാസം മുതല്‍ ആശുപത്രിയിലാണ് ചെലവഴിച്ചത്. യുവതിക്കായി ആശുപത്രി അധികൃതര്‍ വളകാപ്പ് ചടങ്ങും ഒരുക്കിയിരുന്നു. പ്രസവ ശേഷം പെണ്‍കുഞ്ഞുമായി ജൂണ്‍ രണ്ടാം ആഴ്ചയിലാണ് ആശുപത്രി വിട്ടത്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുബായില്‍ നിന്നെത്തിയ ദമ്പതികള്‍.

ചെയര്‍മാനും ഗൈനക്കോളജി വിഭാഗം ചീഫ് സര്‍ജനുമായ ഡോ. ഹഫീസ് റഹ്‌മാന്‍, മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ്, ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ഷെമിനി സലീം, സോണിയ ഹഫീസ്, എബി കോശി,ഡോ.സുമി പീറ്റര്‍ മരിയ, അനസ്തീഷ്യോളജിസ്റ്റ് ഡോ.ഷാജി പി.ജി, ദമ്പതികളായ രേഷ്മ, ശ്രീരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

New hope for motherhood: Sunrise Hospital conducts rare surgery in an extremely complex pregnancy

Share Email
Top