പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് രാജ്യത്തിനായി ജീവൻ ബലിനൽകിയത്. ഇവരുടെ സ്മരണാർത്ഥം ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ ചുവരുകളിൽ പേരും റാങ്കും യൂണിറ്റും ആലേഖനം ചെയ്യും. 2025-ൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരർക്കൊപ്പമാണ് ഇവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
കരസേനയിലെ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരും വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറുമാണ് വീരമൃത്യു വരിച്ച സൈനികർ. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി പോരാടിയ സൈനികർക്കായി സമർപ്പിച്ചിരിക്കുന്ന 16 ഗ്രാന്റ് ചുവരുകളിലാണ് ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തുക.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസൺവാലിയിൽ വിനോദസഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യ മെയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി ആരംഭിച്ചത്. ഈ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പഹൽഗാമിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ശക്തമായ സുരക്ഷാപരിശോധനകൾക്ക് ശേഷം വീണ്ടും തുറന്നിട്ടുണ്ട്.
Operation Sindoor: Government Releases Names of Six Soldiers Martyred in Military Action















