ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാൻ മധ്യസ്ഥനുമായി ടെഹ്റാനിൽ നിർണായക കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‌വിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി ഇറാനിലെത്തിയതെന്ന് തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ കൂടുതൽ ശക്തമാക്കുന്നതിനായി പാകിസ്ഥാൻ നിരന്തരമായ മധ്യസ്ഥശ്രമങ്ങളാണ് നടത്തിവരുന്നത്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനിയുമായും മൊഹ്സിൻ നഖ്‌വി ചർച്ച നടത്തിയിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ അയച്ച പ്രത്യേക സന്ദേശം ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് കൈമാറാനാണ് താൻ വീണ്ടും ഇറാനിലെത്തിയതെന്ന് നഖ്‌വി വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികൾ, മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ വിട്ടുനൽകൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ ഇപ്പോഴും വലിയ ഭിന്നത നിലനിൽക്കുന്നുണ്ട്.
അതിനിടെ, ഇറാൻ ശക്തരും അഭിമാനികളുമായ ജനതയാണെന്നും എന്നാൽ അവർ ഇതുവരെ വിചാരിക്കാത്ത ചില കാര്യങ്ങൾ അവർക്ക് ചെയ്യേണ്ടി വരുമെന്നും അതിനവർ നിർബന്ധിതരാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇതിന് അല്പം സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ദിവസേനയെന്നോണം വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അന്തിമരൂപത്തിലാകുന്നതുവരെ സമാധാനത്തോടെ കാത്തിരിക്കാൻ തയ്യാറാണെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു.















