ജോണ്‍ കരമ്യാലില്‍ ,ചിക്കാഗോ
‘PRAY FOR PEACE’ (സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക), ഒരു യാത്രയില്‍ കണ്ട ബോര്‍ഡാണ്; അത്രയേയുള്ളൂ. പല മത – സഭ വിഭാഗക്കാരുടേയും ആരാധന സമയങ്ങളില്‍ പറയാറുള്ളതാണ്, കേള്‍ക്കാറുള്ളതാണ്, ‘പ്രാര്‍ത്ഥിക്കാം നിങ്ങള്‍ക്ക് സമാധാനം എന്ന്. ഇവിടെയൊക്കെ ആരോടു പ്രാര്‍ത്ഥിക്കണമെന്നോ, ആര് സമാധാനം തരുമെന്നോ പറയുന്നില്ല; എന്നാല്‍ അത് സര്‍വ്വവും അറിയുന്ന സര്‍വ്വശക്തിയുള്ള ദൈവത്തോടാണന്ന സങ്കല്പവും ഉണ്ട്. എല്ലാം അറിയുന്ന ദൈവ ത്തോട് നമ്മുടെ ആവശ്യങ്ങള്‍ പറയേണ്ട ആവശ്യവുമില്ല. ഒരു കുട്ടിയ്ക്ക് ചെറുപ്പത്തില്‍ എന്തെല്ലാം വേണമെന്ന് അറിയില്ല; ആ കുട്ടിക്ക് വേണ്ടതെല്ലാം മാതാപിതാക്കള്‍ കണ്ടറിഞ്ഞു ചെയ്തു കൊടു ക്കുന്നു. അവനു പ്രായമേറി വരുമ്പോള്‍ അവന്റെ ആവശ്യങ്ങള്‍ കാലോചിതമായി എന്തെല്ലാമെന്ന് മാതാപിതാക്കള്‍ അറിയാതെ പോകുന്നു. അപ്പോള്‍ അവന്‍ ആവശ്യങ്ങള്‍ പറയുന്നു; മാതാപിതാ ക്കളത് ആവശ്യാനുസരണം ആവുംവിധം നിറവേറ്റിക്കൊടുക്കുന്നു.
അറിയാവുന്നവനോടു പറയേണ്ട ആവശ്യമില്ല; അറിയില്ലാത്തവനും മനസ്സിലാക്കുന്നവനും ആയിട്ടുള്ളവരോട് ഒന്നിലധികം പ്രാവശ്യം പറയേണ്ടതുമില്ല. ഒരാളൊരു ജോലിയ്ക്കു അപേക്ഷിച്ചു, അവന്റെ അപേക്ഷ ജോലിദാതാവിന്റെ അടുത്തു ചെല്ലുമ്പോഴാണ് ജോലിദാതാവ് അവനു ആ ജോലി വേണമെന്ന് അറിയുന്നത്; അര്‍ഹനെങ്കില്‍ ജോലി കൊടുക്കും. അതുപോലെ നമ്മള്‍ ദൈവത്തോട് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ / പ്രാര്‍ത്ഥിച്ചാല്‍, ദൈവത്തിനു എല്ലാം അറിയില്ലന്ന് നമ്മള്‍ സാക്ഷിപ്പെടുത്തുകയാണ്; അതുവഴി ദൈവത്തിന് ന്യൂന്യമൂല്യം കല്പിക്കുകയാണ്.
മുമ്പ് പറഞ്ഞ PRAY FOR PEACE പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തെ ആധാരമാക്കി കണ്ടതാണ്. അമേരിക്ക – ഇറാന്‍, ഇസ്രായേല്‍ – ഹമാസ് യുദ്ധങ്ങളും, അതിലൂടെ സര്‍വ്വ ചരാചരങ്ങല്‍ക്കും ഉണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ബുദ്ധിമുട്ടുകളും ലോകത്തിലുള്ള സര്‍വ്വ ജനങ്ങളും അറിയവേ, സര്‍വ്വ വ്യാപിയും സര്‍വ്വവും അറിയുന്ന ദൈവം മാത്രം അറിയുന്നില്ലന്നാണോ ഈ പ്രാത്ഥനകൊണ്ട് വിവക്ഷിക്കുന്നത്. ഇതൊന്നും അറിയാത്തയൊന്നിന് ദൈവമായിരിക്കുവാന്‍ അര്‍ഹതയോ സാധ്യതയോ ഇല്ല. സ്വയമേയും, ലോകത്തിലും സമാധാനവും നേട്ടവും സന്തോഷവും ഉണ്ടാകണമെങ്കില്‍ അതിനായി പ്രയഗ്‌നിക്കണം, അധ്വാനിക്കണം. പ്രാര്‍ത്ഥന വെറുമൊരു താല്‍ക്കാലിക ആശ്വാസം മാത്രമാണ്. നിത്യേന പ്രാര്‍ത്ഥനയും പൂജയും കഴിക്കുന്ന പൂജാരിമാര്‍ തങ്ങളുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു ഉദ്യോഗം വേണമെങ്കില്‍, ഒരു സഹായം വേണമെങ്കില്‍ മറ്റുള്ളവരോട് ചോദിക്കുന്നത് അറിയാം. ഇവിടെ ഏറെ രസകരമായത് ഈ പൂജാരികള്‍ക്ക് ഒരാവശ്യം വന്നാല്‍ വിശ്വാസികളോട് ചോദിക്കും; മറിച്ചായാല്‍ ദൈവത്തോട് ചോദിക്കുവെന്ന് മറുപടി.
ലോകസമാധാനത്തിനും, യുദ്ധവും പ്രപഞ്ചദുരിതങ്ങളും ഇല്ലാതാക്കുവാനും ഉണ്ടാകാതിരി ക്കുവാനും സര്‍വ്വ മതക്കാരും, അവരുടെ പൂജാരിമാരും പ്രാര്‍ത്ഥിക്കുന്നു. എന്നിട്ടും യുദ്ധം, മഹാമാരി, പ്രളയം, സുനാമി, ഭൂമികുലുക്കം, പാന്‍ഡേമിക് (pandemic) പോലുള്ള പ്രപഞ്ചദുരിതങ്ങളും അഭംഗുരം തുടരുന്നു. പ്രാര്‍ത്ഥനകൊണ്ട് ഒരു കുട്ടി എഴുന്നേറ്റ് നടക്കുകയോ, പരീക്ഷകളിലും മത്സരങ്ങളിലും ജയിക്കുകയോ, രോഗം മാറുകയോ, ഒന്നും ചെയ്യില്ല. ഒരാളുടെ രോഗം മാറാന്‍ മറ്റൊരാള്‍ മരുന്ന് കഴിച്ചതുകൊണ്ടോ, ഒരാള്‍ ജയിക്കുന്നതിനു മറ്റൊരുവന്‍ പരിശ്രമിച്ചതുകൊണ്ടോ, ഫലമൊന്നും ഉണ്ടാകുകയില്ല. ഇതിനെല്ലാം അവനവന്‍ തന്നെ പരിശ്രമിക്കണം; പരിശ്രമിച്ചു ജയിക്കണം. എങ്കിലും അറിയാത്തതിനെക്കാള്‍ അറിയാമെന്ന് അവകാശപ്പെടുന്നവരെ വിശ്വസിക്കുവാന്‍ മനുഷ്യര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു. സത്യമോ മിഥ്യയോ എന്നുള്ളത് അവരുടെ വിഷയമല്ല. കേള്‍ക്കുന്നതിനെ നിരൂപണം ചെയ്യുകയും, സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുവാനും തുടങ്ങിയാല്‍ മതങ്ങള്‍ മരിച്ചു തുടങ്ങും; ദൈവങ്ങളും.
ഉച്ചഭാഷണിയിലൂടെ കോലാഹലം മുഴക്കി ദൈവത്തെ വിളിക്കുന്നു; ദിവസം പല പ്രാവശ്യം. അതുപോലെ ഉറക്കെ പ്രാര്‍ത്ഥിക്കുവാനും പറയുന്നു. എന്തെ ഇവരുടെയൊക്കെ ദൈവങ്ങള്‍ പൊട്ടന്മാരാണോ. കരഞ്ഞു നിലവിളിച്ചും കൈകള്‍ ഉയര്‍ത്തിയും, മുട്ടുകുത്തിനിന്നും, കുമ്പിട്ടു കിടന്നുമൊക്കെ പ്രാര്‍ത്ഥിക്കണമെന്നു പറയുന്നതിലൂടെ ഈ പ്രാര്‍ത്ഥിക്കുന്നവരുടെ അഭിനയങ്ങള്‍ മനസ്സിലാക്കുവാനുള്ള ശക്തിയും കഴിവുംപോലും ഈ ദൈവങ്ങള്‍ക്കില്ലന്നു സാരം. ഇരയിട്ട് മീന്‍ പിടിക്കുന്നതുപോലെ അല്പം പണം നേര്‍ച്ചകാഴ്ചയായി കാണിയ്ക്കയിട്ടാല്‍ വന്‍തുക ദൈവത്തില്‍നിന്നും അടിച്ചുമാറ്റാമെന്നാണ് വിശ്വാസികളുടെ വിശ്വാസം. വലിയ ഇരയിട്ടാല്‍, കൂടുതല്‍ ഇരയിട്ടാല്‍ കൂടിയ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വിദ്യാസമ്പന്നരായ പാമരന്മാരും ധാരാളമുണ്ട്. പ്രാര്‍ത്ഥന മടിയന്മാര്‍ക്കും മഠയന്മാര്‍ക്കും, സമാധാനവും സന്തോഷവും ഭാഗ്യവും അധ്വാനിക്കുന്നവര്‍ക്കും അവിരാമം പരിശ്രമിക്കുന്നവര്‍ക്കുമാണ്. കാരണം സത്യം പലപ്പോഴും കഠിനമാകും.
Prayer or action for peace















