ഇറാൻ-ഇസ്രയേൽ നയങ്ങളിൽ ട്രംപ് ടീമിൽ വിള്ളൽ? വാൻസ് സമാധാനത്തിനൊപ്പം, സൈനിക നീക്കത്തെ പിന്തുണച്ച് റൂബിയോ

ഇറാൻ-ഇസ്രയേൽ നയങ്ങളിൽ ട്രംപ് ടീമിൽ വിള്ളൽ? വാൻസ് സമാധാനത്തിനൊപ്പം, സൈനിക നീക്കത്തെ പിന്തുണച്ച് റൂബിയോ

പശ്ചിമേഷ്യൻ നയങ്ങളെച്ചൊല്ലി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ട്. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെയും ഇറാനുമായുള്ള സമാധാന ചർച്ചകളെയും സംബന്ധിച്ച് ഇരുവർക്കുമിടയിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ ട്രംപ് ഭരണകൂടത്തിലെ ആഭ്യന്തര ഭിന്നതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇറാനുമായുള്ള പ്രാഥമിക കരാറിനെത്തുടർന്ന് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഭരണകൂടം ഒറ്റക്കെട്ടാണെന്ന് വരുത്താൻ ട്രംപ് ശ്രമിക്കുമ്പോഴും, രണ്ട് പ്രമുഖ നേതാക്കളുടെ വ്യത്യസ്ത നിലപാടുകൾ വൈറ്റ് ഹൗസിന് പുതിയ വെല്ലുവിളിയാകുന്നു.

വൈറ്റ് ഹൗസിൽ സംസാരിക്കവേ, യുഎസ്-ഇറാൻ പ്രാഥമിക കരാറിനെ വിമർശിക്കുന്ന ഇസ്രയേൽ അനുകൂലികളെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രൂക്ഷമായി വിമർശിച്ചു. ബെയ്റൂത്തിലെ ജനവാസകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎസിന്റെ ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്നതാണെന്ന് വാൻസ് വാദിച്ചു. അമേരിക്കയും ഇറാനും തമ്മിൽ സഹകരണാടിസ്ഥാനത്തിലുള്ള പുതിയ ബന്ധം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി യുഎസുമായി ആശയവിനിമയം നടത്താൻ ഒരു ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ യുഎസ് ക്ഷണിച്ചിട്ടുണ്ടെന്ന വിവരവും വാൻസ് വെളിപ്പെടുത്തി.

അതേസമയം, ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിന്റെ സൈനിക നടപടികളെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വാൻസിന്റെ വിമർശനങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച അദ്ദേഹം, ഇസ്രയേൽ ചെക്ക് പോസ്റ്റിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തെയാണ് ചൂണ്ടിക്കാണിച്ചത്. ഇറാനുമായുള്ള ഏതൊരു കരാറും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഒന്നായിരിക്കണമെന്നും എന്ത് വിലകൊടുത്തും ഒരു കരാർ ഉണ്ടാക്കുക എന്ന നിലപാട് യുഎസിനില്ലെന്നും അദ്ദേഹം സഖ്യരാജ്യങ്ങൾക്ക് ഉറപ്പുനൽകി.

ഇറാൻ വിഷയത്തിൽ നിലപാട് അറിയിക്കാൻ വാൻസ് സ്വിറ്റ്സർലൻഡിൽ ഇറാനിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയപ്പോൾ, റൂബിയോ യുഎഇ, ബഹ്റൈൻ, കുവൈറ്റ് എന്നീ സഖ്യരാജ്യങ്ങളാണ് സന്ദർശിച്ചത്. വരാനിരിക്കുന്ന 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരാണ് ഇരുവരും എന്നതിനാൽ ഈ തർക്കം പാർട്ടിയുടെ ഭാവി നയരൂപീകരണത്തെ ബാധിച്ചേക്കാം. എന്നാൽ ഇരുവർക്കുമിടയിൽ യാതൊരു ഭിന്നതയുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കി. ഇവിടെ പ്രസിഡന്റ് ട്രംപിന്റെ ഒരൊറ്റ പക്ഷം മാത്രമേയുള്ളൂവെന്നും ഇറാൻ അണവായുധം കൈവശപ്പെടുത്തില്ലെന്ന് ഉറപ്പാക്കാൻ ഭരണകൂടം മുഴുവൻ ഒപ്പമുണ്ടെന്നും അവർ അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top