പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ കൈമാറ്റം ചെയ്ത് കോടികളുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അന്നത്തെ ഭരണസമിതിയും പ്രതിപ്പട്ടികയിലേക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
മുൻ ബോർഡ് അംഗം അഡ്വ. എ. അജികുമാറിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഹൈക്കോടതിയുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും സ്വർണപ്പാളികൾ കടത്തിയതിലാണ് അന്വേഷണസംഘത്തിന്റെ നടപടി.
2025-ൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠര് രാജീവര്, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനായി 2025 സെപ്റ്റംബറിൽ ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ആറു വർഷത്തിനുള്ളിൽ തന്നെ സ്വർണ്ണത്തിന്റെ നിറം മങ്ങിയിട്ടും ദേവസ്വം ബോർഡ് അന്വേഷണത്തിന് തയ്യാറാകാതെ, വാറന്റിയുണ്ടെന്ന വ്യാജേന പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുകയായിരുന്നു. ഔദ്യോഗിക ചട്ടങ്ങൾ പൂർണ്ണമായി മറികടന്ന് മുൻ ഭരണസമിതി ഒപ്പിട്ടുനൽകിയ ഉത്തരവാണ് അന്വേഷണസംഘം പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
















