Caritas hospital

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് 14 മരണം; എല്ലാവരും സ്വദേശികൾ

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് 14 മരണം; എല്ലാവരും സ്വദേശികൾ

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരണപ്പെട്ടതായി സൗദി ഊർജ്ജ മന്ത്രാലയ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ ‘റാസ് തനൂറ’യിലാണ് ദരുണമായ ഈ അപകടം സംഭവിച്ചത്. മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താനായി ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മറ്റ് ഔദ്യോഗിക സുരക്ഷാ ഏജൻസികളുമായി ചേർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കടുത്ത ദുഃഖത്തിൽ പങ്കുചേരുന്നതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്ന മന്ത്രാലയം, അവരെ രക്തസാക്ഷികളായി അല്ലാഹു സ്വീകരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Share Email
Top