വാഷിംഗ്ടൺ: യുഎസ് ഉപരോധങ്ങളെത്തുടർന്ന് മരവിപ്പിക്കപ്പെടുകയും, പുതിയ സമാധാന കരാറിന്റെ ഭാഗമായി ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ എങ്ങനെ ചിലവഴിക്കണം എന്നതിൽ തങ്ങൾക്ക് കൃത്യമായ മേൽനോട്ടമുണ്ടാകുമെന്ന് അമേരിക്ക. ഈ പണത്തിന്റെ വലിയൊരു ഭാഗം യുഎസിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളും മരുന്നുകളും വാങ്ങാനായിരിക്കും ഉപയോഗിക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇത്തരമൊരു ഉറപ്പും തങ്ങൾ അമേരിക്കയ്ക്ക് നൽകിയിട്ടില്ലെന്ന ഇറാന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ഈ പ്രതികരണം. പ്രമുഖ സാമ്പത്തിക മാധ്യമമായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
“ഇറാനിലേക്ക് എത്തുന്ന പണം ഒന്നാമതായി ഉപയോഗിക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ നന്മയ്ക്കായിരിക്കണം. ഖത്തർ വഴിയായിരിക്കും ഈ ഫണ്ടുകൾ പ്രധാനമായും വിതരണം ചെയ്യപ്പെടുക. ഈ തുക എങ്ങനെ വിനിയോഗിക്കുന്നു എന്ന് യുഎസ് ട്രഷറി നേരിട്ട് നിരീക്ഷിക്കും,” ബെസന്റ് പറഞ്ഞു. ഈ ഫണ്ടിന്റെ ഭൂരിഭാഗവും യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ തന്നെ ഉപയോഗിക്കുമെന്നും, അതുവഴി ഈ പണം വീണ്ടും യുഎസ് വിപണിയിലേക്ക് തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി നീക്കാതെ ആണവ നിലയങ്ങളിൽ യാതൊരു പരിശോധനയും അനുവദിക്കില്ലെന്നും, ഫണ്ട് വിനിയോഗത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ അവകാശമില്ലെന്നുമാണ് ഇറാന്റെ നിലപാട്. അടുത്ത ആഴ്ച യുഎസും ഇറാനും തമ്മിലുള്ള സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.















