pulimoottil

തിരുത്തപ്പെടേണ്ട വഴികള്‍

തിരുത്തപ്പെടേണ്ട വഴികള്‍

സണ്ണി മാളിയേക്കല്‍ ,ഡാളസ്,

ഒരു ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വീട്ടിലായിരുന്നു ആ അപ്പനും അമ്മയും അവരുടെ ഏക മകനും ജീവിച്ചിരുന്നത്. പുറമെനിന്ന് നോക്കുന്നവര്‍ക്ക് സന്തോഷം നിറഞ്ഞൊരു കുടുംബം. എന്നാല്‍ ആ വീടിന്റെ ചുവരുകള്‍ക്ക് പറയാന്‍ മറ്റൊരു കഥയുണ്ടായിരുന്നു.

മകന് പ്രായപൂര്‍ത്തിയായതോടെ അപ്പനും അവനും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായി. ചെറിയ കാര്യങ്ങള്‍ക്ക് തുടങ്ങുന്ന തര്‍ക്കങ്ങള്‍ വലിയ വഴക്കുകളിലാണ് കലാശിച്ചിരുന്നത്. ദേഷ്യം വന്നാല്‍ മകന്‍ നിയന്ത്രണം വിട്ട് വീട്ടിലെ സാധനങ്ങള്‍ എടുത്തുപൊട്ടിക്കും. കണ്‍മുന്നില്‍ കാണുന്നതെല്ലാം തല്ലിത്തകര്‍ക്കുമ്പോള്‍ അവന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവരും:

‘I hate this house! I hate you all! എന്തിനാ എന്നെ ഈ വീട്ടില്‍ ജനിപ്പിച്ചത്? എനിക്ക് വെറുപ്പാണ് ഈ ജീവിതം!’

മകന്റെ ഈ വാക്കുകള്‍ അപ്പന്റെ നെഞ്ചില്‍ ആണിയടിച്ചു കയറ്റുന്നത് പോലെയായിരുന്നു. പ്രായമായി വരുംതോറും മകന്‍ കൂടുതല്‍ അസംതൃപ്തനും അക്രമാസക്തനുമായി മാറുന്നത് ആ പിതാവിന് താങ്ങാന്‍ കഴിഞ്ഞില്ല. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി അദ്ദേഹത്തെ ഒരു ധ്യാനഗുരുവിന്റെ അടുക്കല്‍ എത്തിച്ചു.

അപ്പന്‍ തന്റെ സങ്കടങ്ങളെല്ലാം ആ ധ്യാനഗുരുവിന് മുന്നില്‍ ഒഴുക്കി. എല്ലാം ശാന്തമായി കേട്ട ശേഷം, ആത്മീയഗുരു പിതാവിന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ഒരു ചെറിയ ഉപദേശം നല്‍കി:

‘ഇനി അടുത്ത തവണ അവന്‍ ഇതുപോലെ വഴക്കുണ്ടാക്കുമ്പോള്‍, നീ തിരിച്ച് ദേഷ്യപ്പെടരുത്. പകരം ഞാന്‍ പറയുന്ന ഈയൊരു കാര്യം ശാന്തമായി അവനോട് പറയുക…’ ഗുരു ഒരു ഉപദേശം അപ്പന് ഉപദേശിച്ചുകൊടുത്തു.

കുറച്ചു ദിവസങ്ങള്‍ കടന്നുപോയി. പ്രതീക്ഷിച്ചതുപോലെ ഒരു ദിവസം നിസ്സാരമായ ഒരു കാര്യത്തിന് മകന്‍ വീണ്ടും പെട്ടെന്ന് പൊട്ടിത്തെറിച്ചു. സാധനങ്ങള്‍ വലിച്ചെറിഞ്ഞ് അവന്‍ പതിവുപോലെ ശാപവാക്കുകള്‍ വിളിച്ചുപറയാന്‍ തുടങ്ങി.

എന്നാല്‍ ഇത്തവണ അപ്പന്‍ തിരിച്ച് ബഹളമുണ്ടാക്കിയില്ല. അദ്ദേഹം ശാന്തനായി മകന്റെ അരികിലേക്ക് നടന്നുചെന്നു.

‘മോനെ, എനിക്ക് നിന്നോടൊന്ന് സംസാരിക്കണം.’ അപ്പന്റെ ശബ്ദത്തില്‍ മുന്‍പൊന്നുമില്ലാത്ത ഒരു ഗൗരവവും ശാന്തതയുമുണ്ടായിരുന്നു.

‘എനിക്കിപ്പോള്‍ ഒന്നും സംസാരിക്കാനില്ല!’ മകന്‍ ദേഷ്യപ്പെട്ട് കൊണ്ട് അവിടുന്ന് പോകാന്‍ ആഞ്ഞു.

പക്ഷേ, അപ്പന്‍ നിര്‍ബന്ധമായി നമുക്ക് സംസാരിച്ചിട്ടേ വീട്ടില്‍ നിന്ന് പോകാന്‍ പാടുള്ളൂ എന്ന്, സ്‌നേഹത്തോടെ അഭ്യര്‍ത്ഥിച്ചു: ‘ഇല്ല മകനേ, ഇന്ന് നീ ഇത് കേട്ടേ തീരൂ. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.’ അപ്പന്റെ നിര്‍ബന്ധത്തിന് മുന്നില്‍ ഒടുവില്‍ അവന്‍ ദേഷ്യത്തോടെയാണെങ്കിലും കേള്‍ക്കാന്‍ തയ്യാറായി നിന്നു.

അപ്പന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി:

‘മോനെ… എനിക്ക് ജോലി കിട്ടിയ ആ ചെറുപ്പകാലത്ത്, എനിക്കും ഒരു കുടുംബം വേണമെന്ന് തോന്നി. അങ്ങനെ നമ്മുടെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹമായിരുന്നു എന്റേതും നിന്റെ അമ്മയുടേതും. ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ നിന്റെ അമ്മ ഗര്‍ഭിണിയാണെന്ന വിവരം ഞാനറിഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. അധികം വൈകാതെ, ഒരു കുഞ്ഞുമാലാഖയെപ്പോലെ നീ ഞങ്ങളുടെ കൈകളിലേക്ക് വന്നു…’

അപ്പന്റെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു:

‘നിന്നോട് ഞങ്ങള്‍ക്ക് എന്തൊരു സ്‌നേഹമായിരുന്നെന്ന് അറിയാമോ? ഞങ്ങള്‍ നിന്നെ എന്തുമാത്രം ഉമ്മ വെച്ചിട്ടുണ്ടെന്നറിയാമോ? അത്രമേല്‍ ലാളിച്ചും നെഞ്ചോട് ചേര്‍ത്തതുമാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്. നീയിപ്പോള്‍ ഒരു പ്രായപൂര്‍ത്തിയായ മകനായിക്കഴിഞ്ഞു. പക്ഷേ, നീയിപ്പോള്‍ എപ്പോഴും അസംതൃപ്തനാണ്. എന്തുകൊണ്ടാണ് നിനക്ക് ദൈവം ദാനമായി തന്ന ഈ ജീവിതവും ഞങ്ങളോടും ഇത്ര വെറുപ്പ് എന്ന് എനിക്കറിയില്ല. നമ്മുടെ സാഹചര്യങ്ങളും കുടുംബപശ്ചാത്തലവും വെച്ച് ഒരു മാതാപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ഞങ്ങള്‍ നിനക്കായി ചെയ്തുതന്നിട്ടുണ്ട്…’

അപ്പന്‍ ഒരു നിമിഷം നിര്‍ത്തി, മകന്റെ തോളില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു:

‘പക്ഷേ മകനേ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. സത്യത്തില്‍ നമ്മള്‍ രണ്ടുപേരെയും ദൈവം ചതിക്കുകയായിരുന്നു! നീ ജനിക്കാന്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഇതുപോലൊരു സാധാരണ വീടോ, ഞങ്ങളെപ്പോലെയുള്ള മാതാപിതാക്കളെയോ ആയിരുന്നില്ല. അതുപോലെ തന്നെ, ഞാനും പ്രതീക്ഷിച്ചത് നിന്നെപ്പോലെ എപ്പോഴും വഴക്കുണ്ടാക്കുന്ന ഒരു മകനെയല്ല; മറിച്ച് ഞങ്ങളെ തിരിച്ച് സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു മകനെയായിരുന്നു. നമുക്ക് രണ്ടുപേര്‍ക്കും ആഗ്രഹിച്ചതല്ല നമുക്ക് കിട്ടിയത്…’

മകന്‍ ഒന്നും മിണ്ടാനാകാതെ സ്തബ്ധനായി നിന്നു. അപ്പന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി അവസാനമായി ആ ഉപദേശം നല്‍കി:

‘അതുകൊണ്ട് മകനേ… നിനക്ക് ഈ വീടും ഞങ്ങളും ഒരു ഭാരമാണെങ്കില്‍, ഇന്ന് മുതല്‍ നിന്റെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാന്‍ നിനക്ക് തരുന്നു. നിനക്ക് സന്തോഷം തരുന്ന ആ ജീവിതത്തിലേക്ക് നിനക്ക് പോകാം…’

അതുവരെ ദേഷ്യത്തോടെ നിന്നിരുന്ന മകന്റെ ഉള്ളിലേക്ക് അപ്പന്റെ ആ വാക്കുകള്‍ ഒരു കുന്തം പോലെ തറച്ചുകയറി. അപ്പന്‍ പറഞ്ഞതിലെ യാഥാര്‍ഥ്യവും അതിനു പിന്നിലെ സ്‌നേഹവും വേദനയും അവന്‍ ആദ്യമായി തിരിച്ചറിയുകയായിരുന്നു. തന്റെ വാശിക്ക് മുന്നില്‍ അപ്പന്‍ തോറ്റുതരികയല്ല, മറിച്ച് തന്നെ ജീവിതത്തിന്റെ വലിയൊരു സത്യം പഠിപ്പിക്കുകയായിരുന്നു എന്ന് അവന്‍ മനസ്സിലാക്കി. അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകാന്‍ തുടങ്ങി…….

ലഭിക്കാതെ പോയ നല്‍വരങ്ങളെ ഓര്‍ത്ത് സങ്കടപ്പെടാതെ ദാനമായി കിട്ടിയ കൊച്ചുകൊച്ചു സന്തോഷങ്ങളെ ഓര്‍ത്ത് ജീവിക്കുവാനുള്ള ഒരു വഴി തിരഞ്ഞെടുക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Ways to be corrected

Share Email
Top