കോട്ടയം: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പിതാവായിരുന്നു വെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ത്ഥമുള്ള ‘ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ അവാര്‍ഡ്-2026’ ചലച്ചിത്ര സംവിധായകന്‍ സിബി മലയിലിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ആത്മീയ നേതൃത്വത്തിനൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ദീര്‍ഘവീക്ഷണവും ക്നാനായ സമുദായത്തിന് വലിയ സംഭാവനകളും നല്‍കിയ പിതാവായിരുന്നു അദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന്‍ ട്രസ്റ്റിയും ജലവിഭവ മന്ത്രിയുമായ മോന്‍സ് ജോസഫിനെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി തോമസ് ചാഴിക്കാടന്‍ സ്വാഗതം ആശംസിച്ചു. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഷെവലിയര്‍ അഡ്വ. ജോയ് ജോസഫ് കൊടിയന്തറ പ്രശംസാപത്രം വായിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ സിറിയക്ക് ചാഴികാടന്‍, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. മേരി രമണി തറയില്‍ നന്ദി രേഖപ്പെടുത്തി.
ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, സിനിമാ നിര്‍മാതാക്കളായ പ്രേംപ്രകാശ്, ജോയി തോമസ്, തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്, പി.യു. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Archbishop Mar Kuriakose Kunnassery was a prelate who put the messages of Christ’s love and compassion into practice in his life: Chief Minister.














