ഹൂസ്റ്റണ്‍: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക ചാര്‍ട്ടറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബിന്റെ 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളെ സ്വീകരിക്കുന്ന ഇന്‍ഡക്ഷന്‍ ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. അമേരിക്കയിലെ മികച്ച 20 പേഴ്‌സണല്‍ ഇഞ്ചുറി ട്രയല്‍ ലോ സ്ഥാപനങ്ങളിലൊന്നായ ക്വോക്ക് ഡാനിയല്‍ എല്‍എല്‍സി ലിമിറ്റഡിന്റെ മാനേജിംഗ് പാര്‍ട്ണറും പ്രശസ്ത അറ്റോര്‍ണിയുമായ തോമസ് ഡാനിയലിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ഹൗസില്‍ നടന്ന ചടങ്ങില്‍ ലയണ്‍ ബോസ് കുര്യന്‍ (ഷുഗര്‍ലാന്‍ഡ്) പ്രസിഡന്റായും ലയണ്‍ ഷിജു കുര്യന്‍ സെക്രട്ടറിയായും സ്ഥാനമേറ്റു. ലയണ്‍ ബാബു ചാക്കോയാണ് ചീഫ് ഫിനാന്‍സ് ഓഫീസര്‍.

2026-2027 വര്‍ഷത്തെ മറ്റ് ഭാരവാഹികളുടെ പേരി വിവരം: ഫസ്റ്റ് വൈസ് പ്രസിഡന്റ്: ലയണ്‍ ജോണ്‍ ആന്റണി, സെക്കന്‍ഡ് വൈസ് പ്രസിഡന്റ്: ലയണ്‍ ഡോ. പയസ് കുര്യന്‍, ജോയിന്റ് സെക്രട്ടറി & ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍: ലയണ്‍ ജോസ് ഉതിരകുളത്തു, മെമ്പര്‍ഷിപ്പ് ചെയര്‍: ലയണ്‍ ജോയ് വര്‍ഗീസ്, പി.ആര്‍.ഒ & മാര്‍ക്കറ്റിംഗ് ചെയര്‍: ലയണസ് സീതു റോയ്, സര്‍വീസസ് കോര്‍ഡിനേറ്റര്‍: ലയണ്‍ ജോഷ്ജിന്‍ ജോണ്‍, ലയണ്‍ ടൈമര്‍: ലയണ്‍ മാത്യു ചെറിയാന്‍, ലയണ്‍ ട്വിസ്റ്റര്‍: ലയണ്‍ ബിജു സെബാസ്റ്റ്യന്‍. ലയണ്‍ ജോര്‍ജ് കുര്യന്‍, ലയണ്‍ ആന്റു വെളിയത്ത്, ലയണ്‍ ജോസഫ് അഗസ്റ്റിന്‍ (സോജന്‍), ലയണ്‍ മാത്യു ജേക്കബ് (സാന്റോ), മുന്‍ പ്രസിഡന്റ് ലയണ്‍ ജോര്‍ജ് വര്‍ക്കി (എക്‌സ്-ഒഫീഷ്യോ) എന്നിവര്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

നാല് വര്‍ഷം മുമ്പ് രൂപീകൃതമായ ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ്, ഹൂസ്റ്റണ്‍ മെട്രോപൊളിറ്റന്‍ ഏരിയ, ഷുഗര്‍ലാന്‍ഡ്, മിസൂറി സിറ്റി, സ്റ്റാഫോര്‍ഡ് എന്നീ നഗരങ്ങളിലെ അശരണരും നിര്‍ധനരുമായ നിരവധി ആളുകളുടെ ജീവിതത്തില്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും സ്പര്‍ശനമേകി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ടെക്‌സാസിലെ 7 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന 53 ലയണ്‍സ് ക്ലബ്ബുകളുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ (ലയണ്‍ കെവിന്‍ സ്മിത്ത് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. (ടെക്‌സാസ് സംസ്ഥാനത്താകെ 253 ക്ലബ്ബുകളാണുള്ളത്, ഇവയെല്ലാം ചേര്‍ന്ന് എം.ഡി-2 സോണ്‍ എന്ന് വിളിക്കപ്പെടുന്നു. ഈ 7 ഡിസ്ട്രിക്റ്റുകളുടെയും മേല്‍നോട്ടം ഒരു സോണല്‍ ചെയര്‍മാനാണ് നിര്‍വ്വഹിക്കുന്നത്. നേതൃനിരയിലെ മറ്റ് അംഗങ്ങളായി ലയണ്‍ ജോ ഫിലിപ്പ്, ലയണ്‍ ജോര്‍ജ് കല്ലിങ്കക്കുടിയില്‍, മുന്‍ പ്രസിഡന്റ് ലയണ്‍ ജോസഫ് പൊന്മണിശ്ശേരി എന്നിവരും ലയണ്‍സ് ക്ലബ് ഫൗണ്ടേഷന്‍ ട്രസ്റ്റിമാരായി (സ്ഥിരം പദവികള്‍) ലയണ്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, ജോസഫ് മണകാലത്തായില്‍, ബോസ് കുര്യന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.

ലയണ്‍സ് ഭാരവാഹികളും പുതിയ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഫ്‌ലാഗ് സെറിമണിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പുതിയ 12 അംഗങ്ങളെ ക്ലബ്ബിലേക്ക് സ്വീകരിക്കുന്ന ഇന്‍ഡക്ഷന്‍ ചടങ്ങും പിന്‍ വിതരണവും ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ കെവിന്‍ സ്മിത്തും പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ പോള്‍ മൂറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന അനുമോദന പ്രഭാഷണത്തില്‍ ലയണ്‍സ് ക്ലബ്ബിന്റെ ആശയങ്ങളെയും തത്വങ്ങളെയും കുറിച്ചും, ‘സേവനം തന്നെയാണ് നമ്മുടെ ലക്ഷ്യം’ എന്ന ദൗത്യത്തെക്കുറിച്ചും അവര്‍ പുതിയ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. കുമാരി നവോമി കുര്യന്‍ യു.എസ് ദേശീയ ഗാനം ആലപിച്ചു. ജോളി ജോയ്, ജോ ഫിലിപ്പ്, സീതു റോയ്, ബിന്‍സോ ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു.

ഔട്ട്‌ഗോയിംഗ് പ്രസിഡന്റ് ലയണ്‍ ജോര്‍ജ് വര്‍ക്കി മെമ്പര്‍ഷിപ്പ് ചാര്‍ട്ടര്‍ പുതിയ പ്രസിഡന്റ് ലയണ്‍ ബോസ് കുര്യന് കൈമാറിക്കൊണ്ട് ഔദ്യോഗികമായി ചുമതലകള്‍ കൈമാറി. റോയല്‍ ഓക്‌സ് ലയണ്‍സ് ക്ലബ്ബിലെ ഗൈഡിംഗ് ലയണ്‍ എം.ഇ നിസിന്‍സിയന്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഔട്ട്‌ഗോയിംഗ് സെക്രട്ടറി ലയണ്‍ റോബിന്‍ റോയ് പരിപാടിയുടെ എം.സി ആയി പ്രവര്‍ത്തിക്കുകയും 2025-2026 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ലയണ്‍സ് ക്ലബ് ഫൗണ്ടേഷന്റെ ചാരിറ്റി പ്രോജക്ടുകള്‍ക്കായി 2026 ഏപ്രിലില്‍ നടത്തിയ ‘ലൈറ്റ് ത്രൂ ഗിവിംഗ്’ എന്ന ചാരിറ്റി ഫണ്ട് ശേഖരണ പരിപാടിയുടെ വന്‍ വിജയത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രധാനമായും ഇന്തോ-അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ്, ടെക്‌സാസിലെ 253 ഔദ്യോഗിക ലയണ്‍സ് ക്ലബ്ബുകള്‍ക്കിടയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ട്രെയിലറുകളിലും മൊബൈല്‍ ഹോമുകളിലും താമസിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി റാംപ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി ക്ലബ്ബിന്റെ പ്രധാന ആകര്‍ഷണമാണ്. കൂടാതെ ഡൗണ്‍ടൗണ്‍ ഹൂസ്റ്റണിലെ ഭവനരഹിതര്‍ക്ക് മദര്‍ തെരേസയുടെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുമായി സഹകരിച്ച് ഭക്ഷണം നല്‍കല്‍, വൃക്ഷത്തൈകള്‍ നടല്‍, ബീച്ച് ക്ലീനിംഗ് പോലുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, കാഴ്ച വൈകല്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പഴയ കണ്ണടകള്‍ ശേഖരിച്ച് മൂന്നാം ലോകരാജ്യങ്ങളിലേക്ക് അയക്കല്‍ തുടങ്ങിയ ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തിവരുന്നു.

1925-ല്‍ നോബല്‍ സമ്മാന ജേതാവ് ഹെലന്‍ കെല്ലറുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ലയണ്‍സ് ക്ലബ് അംഗങ്ങള്‍ കാഴ്ച വൈകല്യ നിവാരണ പദ്ധതി ഏറ്റെടുത്തത്. അതിനുശേഷം ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിലായി 50,000-ത്തിലധികം ക്ലബ്ബുകളിലെ 1.4 മില്യണ്‍ ലയണ്‍സ് ക്ലബ് അംഗങ്ങളുടെ പരിശ്രമം മൂലം 445 മില്യണ്‍ ജനങ്ങളുടെ ജീവിതത്തിലാണ് മാറ്റം വന്നിട്ടുള്ളത്. യണ്‍ ഡോ. പയസ് കുര്യന്‍, സേവ്യര്‍ ജോര്‍ജ്, ജോര്‍ജ് കുര്യന്‍, ഷാജി ജോസ്, ജോഷ്ജിന്‍ ജോണ്‍, ഷിജു കുര്യന്‍, ജോര്‍ജ് വര്‍ക്കി, ജോണ്‍ ആന്റണി, റോബിന്‍ റോയ്, ജോസഫ് പൊന്മണിശ്ശേരി, ജോസഫ് അഗസ്റ്റിന്‍, ജോയ് വര്‍ഗീസ് എന്നിവരടങ്ങുന്ന പത്തോളം വിദഗ്ധരുടെ നേതൃത്വത്തിലുള്ള റാംപ് നിര്‍മ്മാണ സ്‌പെഷ്യാലിറ്റി ടീമിനെക്കുറിച്ച് ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ് ഏറെ അഭിമാനിക്കുന്നു.

ചടങ്ങില്‍ പുതിയ പ്രസിഡന്റ് ബോസ് കുര്യന്‍ 2026 ജൂലൈ മുതല്‍ 2027 ജൂണ്‍ വരെയുള്ള പ്രവര്‍ത്തന വര്‍ഷത്തെ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. നിലവിലുള്ള ചാരിറ്റി പ്രോഗ്രാമുകളായ റാംപ് നിര്‍മ്മാണം, കണ്ണ് പരിശോധനയും കണ്ണട ശേഖരണവും, പാവപ്പെട്ട കുട്ടികള്‍ക്കായി ബങ്ക് ബെഡ് നിര്‍മ്മാണം, ഭവനരഹിതര്‍ക്ക് ഭക്ഷണ വിതരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പുറമെ പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ഡ്രൈവ്, 11-18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി ‘ലിയോ ക്ലബ്’ രൂപീകരിച്ച് അവരില്‍ സന്നദ്ധസേവന മനോഭാവവും കാരുണ്യവും വളര്‍ത്തിയെടുക്കുക, മെഡിക്കല്‍ ക്യാമ്പുകള്‍, ഫ്‌ലൂ വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍, ഫ്രീ ക്ലിനിക്കുകള്‍, ഒറ്റപ്പെടല്‍ അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കുക, ജയില്‍ സന്ദര്‍ശനങ്ങള്‍, ശീതകാലത്ത് ആശുപത്രി രോഗികള്‍ക്കായി ‘കോള്‍ഡ് ഫീറ്റ് വാം ഹാര്‍ട്ട്’ പ്രോഗ്രാം, പ്രവാസികളുടെ ജന്മനാട്ടിലെയും അമേരിക്കയിലെയും വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ‘സിറ്റിസണ്‍സ് സര്‍വീസസ് ബ്യൂറോ’ രൂപീകരിക്കല്‍ എന്നിവയും വിനോദ പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഹൂസ്റ്റണ്‍ ഇന്‍ഡസ് ലയണ്‍സ് ക്ലബ്ബിന് നല്‍കിവരുന്ന നിരന്തരമായ പിന്തുണയും കാരുണ്യപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി അറ്റോര്‍ണി തോമസ് ഡാനിയലിന് ക്ലബ്ബിന്റെ ഓണററി അംഗത്വം നല്‍കി ആദരിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവരാണ് ക്ലബ്ബിന്റെ മറ്റ് രണ്ട് ഓണററി അംഗങ്ങള്‍. പുതിയ സെക്രട്ടറി ലയണ്‍ ഷിജു കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. ടെക്‌സാസ് ലയണ്‍സ് ക്ലബ്ബിന്റെ മുദ്രാവാക്യമായ ‘ഒരു നല്ല ലോകത്തിനായി നമുക്ക് ഒന്നിച്ച് കൂടുതല്‍ മികച്ച രീതിയില്‍ സേവനം ചെയ്യാം’ എന്ന ആപ്തവാക്യം നെഞ്ചിലേറ്റിയാണ് ലയണ്‍സ് അംഗങ്ങള്‍ മടങ്ങിയത്.
Boss Kurian is the President of Houston Indus Lions Club; Shiju Kurian is the Secretary, and Babu Chacko is the Chief Finance Officer
















