pulimoottil

‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല’; ടാറ്റാ ചർച്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പി.കെ കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല’; ടാറ്റാ ചർച്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് പി.കെ കുഞ്ഞാലിക്കുട്ടി

ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനെയും തങ്ങളെയും വന്നു കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 29-നാണ് ചർച്ച നടന്നതെന്നും അതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി ചർച്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടു.

ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ പാർട്ടിക്കുള്ളിൽ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ച എല്ലാവർക്കും പദവികൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. പരിമിതമായ പദവികൾ മാത്രമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് വിഷയത്തിലെ അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കഴിഞ്ഞ സർക്കാർ വെച്ച വലിയൊരു കെണിയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും കഴിഞ്ഞ സർക്കാരിനാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പദ്ധതിയുടെ ഭാഗമായി സിലബസിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായാൽ അത് ഗൗരവത്തോടെ പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top