തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാതെ ദേശാഭിമാനി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ അനുസ്മരണ ലേഖനം ഉൾപ്പെടുന്ന വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്നാണ് ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.
സാധാരണ നിലയിൽ ഞായറാഴ്ചകളിൽ പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് നൽകാറുണ്ടെങ്കിലും ഇന്ന് അതുണ്ടായിരുന്നില്ല. പകരം സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന വിശദീകരണക്കുറിപ്പ് പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചറാണ് പിൻവലിക്കാൻ കാരണമെന്നാണ് ദേശാഭിമാനി വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിശദീകരണം. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന വ്യക്തിയെക്കുറിച്ചുള്ളതായിരുന്നു ഈ ഫീച്ചർ.
‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടോടെ, വി.എസിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു അനുസ്മരണ ലേഖനം തയ്യാറാക്കിയിരുന്നത്. ജൂലൈ 21-നാണ് വി.എസിന്റെ ചരമവാർഷികം. ഈ ദിവസം വിപുലമായി ആചരിക്കാനും എല്ലാ പാർട്ടി ഘടകങ്ങളും അനുസ്മരണ സമ്മേളനങ്ങൾ നടത്താനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുള്ളതിനിടയിലാണ് ദേശാഭിമാനിയുടെ ഈ നടപടി വാർത്തയായിരിക്കുന്നത്.
















