യുഎസ് ഫുട്ബോൾ താരത്തിന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കണമെന്ന് താൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കളിക്കളത്തിൽ താരം വരുത്തിയത് ഒരു ഫൗൾ ആയി തനിക്ക് തോന്നിയിട്ടില്ലെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് താൻ ഇക്കാര്യം നേരിട്ട് സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. മുൻപും പല സംശയകരമായ തീരുമാനങ്ങളും എടുത്തിട്ടുള്ള റഫറിയാണ് ഇതെന്നും, ലോകത്തെ ഏറ്റവും മികച്ച കളിക്കാർ കളിക്കളത്തിൽ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മെസ്സിയെയോ റൊണാൾഡോയെയോ ആണ് ഇത്തരത്തിൽ വിലക്കിയിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, യുഎസ് താരം ബലൊഗനെ ടീമിൽ ഉൾപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കാൻ മാത്രമാണ് ഫിഫയോട് പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി. ഇൻഫാന്റിനോ മികച്ചൊരു വ്യക്തിയാണെന്നും ഫിഫ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം ഗംഭീരമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ട്രംപ് പ്രശംസിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കൈകഴുകുന്ന നിലപാടാണ് സ്വീകരിച്ചത്. യുഎസ് താരത്തിനുള്ള വിലക്കിൽ ഇളവ് നൽകിയത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിലക്ക് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് ഫിഫയുടെ അച്ചടക്ക സമിതിയാണെന്നും അവർ തീരുമാനം പുറത്തുവിടുമ്പോൾ മാത്രമാണ് താൻ പോലും വിവരങ്ങൾ അറിയുന്നതെന്നും ഇൻഫാന്റിനോ പ്രതികരിച്ചു. ഫിഫ സമിതിയുടെ ചില തീരുമാനങ്ങൾ തനിക്കും അത്ഭുതമായി തോന്നാറുണ്ടെങ്കിലും സമിതിയുടെ സ്വയംഭരണാധികാരത്തെ ബഹുമാനിക്കുകയാണ് പതിവ്. ഡൊണാൾഡ് ട്രംപിനോട് സംസാരിച്ചപ്പോഴും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയതെന്നും മറ്റ് രാജ്യത്തലവന്മാരോട് പുലർത്തുന്ന അതേ സൗഹൃദപരമായ ബന്ധം മാത്രമാണ് ട്രംപിനോടും ഉള്ളതെന്നും ഫിഫ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
















