വാഷിംഗ്ടൺ: കഴിഞ്ഞ വർഷം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്‌റ്റോകറൻസി സംരംഭങ്ങളിൽ നിന്ന് 1.2 ബില്യൺ ഡോളർ (ഏകദേശം 120 കോടി ഡോളർ) വരുമാനം നേടിയതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരത്തിലിരിക്കുന്ന കാലയളവിൽ എല്ലാവരും ലാഭമുണ്ടാക്കുന്നുണ്ടെന്ന് ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഖത്തർ സമ്മാനമായി നൽകിയ പുതിയ ‘എയർഫോഴ്‌സ് വൺ’ വിമാനത്തിലെ തന്റെ ആദ്യ യാത്രയ്ക്ക് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഞാൻ ലാഭമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം രാജ്യത്തെ ഓഹരി വിപണി കുതിച്ചുയരുകയാണ്, ഇവിടെ എല്ലാവരും ലാഭമുണ്ടാക്കുന്നുണ്ട്,” ട്രംപ് വ്യക്തമാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിക്കുന്നു എന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. എന്നാൽ തന്റെ വരുമാനങ്ങളെല്ലാം ‘ബ്ലൈൻഡ് ട്രസ്റ്റുകളുടെ’ (തന്റെ ഇടപെടലുകളില്ലാത്ത നിക്ഷേപ ഫണ്ടുകൾ) കീഴിലാണെന്നും അതിനാൽ പദവി ഉപയോഗിച്ച് പണമുണ്ടാക്കാൻ കഴിയില്ലെന്നും ശതകോടീശ്വരനായ പ്രസിഡന്റ് അവകാശപ്പെട്ടു.
താൻ വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ലെന്നും തന്റെ പണം കൈകാര്യം ചെയ്യാൻ പ്രത്യേക ഫണ്ടുകൾ ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രസിഡന്റാകുന്നതിന് മുൻപ് തന്നെ താൻ വൻതോതിൽ പണമുണ്ടാക്കിയിട്ടുണ്ടെന്നും ആ തുകയാണ് അവർ നിക്ഷേപിക്കുന്നതെന്നും അവരുമായി താൻ സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം ആരംഭിച്ച ക്രിപ്റ്റോ സംരംഭങ്ങളിൽ നിന്നാണ് ഈ വരുമാനമെങ്കിലും, തന്റെ മുൻകാല ബിസിനസ്സ് കരിയറാണ് ഈ സമ്പത്തിന് കാരണമെന്നാണ് ട്രംപ് വാദിക്കുന്നത്.
യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്‌സ് പുറത്തുവിട്ട സാമ്പത്തിക വിവരങ്ങൾ പ്രകാരം, ‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ എന്ന സ്റ്റാർട്ടപ്പുമായുള്ള പങ്കാളിത്തത്തിലൂടെ മാത്രം 2025-ൽ ട്രംപിന് ഏകദേശം 550 മില്യൺ ഡോളർ ലഭിച്ചിരുന്നു. തനിക്ക് രാഷ്ട്രീയത്തിലാണോ അതോ ബിസിനസ്സിലാണോ മികച്ച കരിയർ ഉള്ളതെന്ന് അറിയില്ലെന്നും, എന്നാൽ ബിസിനസ്സിൽ തനിക്ക് മികച്ച നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും കൈവശം ധാരാളം പണമുള്ളതിനാലാണ് താൻ ലാഭമുണ്ടാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
















